മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റോറുമായി എല്‍ജി

തിങ്കള്‍, 13 ജൂലൈ 2009 (17:30 IST)
ലോകത്ത് സെല്‍ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന എല്‍ ജി ഇലക്ട്രോണിക്സ് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങി. തുടക്കത്തില്‍ ഏഷ്യന്‍ വിപണിയെ ലക്‍ഷ്യമിട്ടാണ് ആപ്ലിക്കേഷന്‍സ് സ്റ്റോര്‍ പ്രവര്‍ത്തിക്കുക. അതേസമയം, ഓണ്‍ലൈന്‍ സ്റ്റോറിന്‍റെ സേവനം ഈ വര്‍ഷം അവസാനത്തോടു കൂടി ആഗോളതലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും എല്‍ ജി അധികൃതര്‍ അറിയിച്ചു.

ആപ്പിളിന്‍റെ ആപ്ലിക്കേഷന്‍സ് സ്റ്റോര്‍ വിജയിച്ചതിന് ശേഷമാണ് ഫോണ്‍ നിര്‍മ്മാതാക്കളും മൊബൈല്‍ ടെലികോം സേവനദാദാക്കളും ഓണ്‍ലൈന്‍ സ്റ്റോര്‍ മേഖലയിലേക്ക് തിരിയാന്‍ തുടങ്ങിയത്. മൊബൈല്‍ കമ്പനികളുടെ പുതിയ സോഫ്റ്റ്വയറുകളും സാങ്കേതിക സേവനങ്ങളും ഉപഭോക്താക്കളിലെത്തിക്കാന്‍ ഏറ്റവും സഹായകരമായ വഴി ഓണ്‍ലൈന്‍ സ്റ്റോറാണ്. ദക്ഷിണക്കൊറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങും എല്‍ ജിയും സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

എല്‍ ജി ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിലവില്‍ പതിനഞ്ച് ഭാഷകളിലായി 1,400 ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമെന്നും ഇതില്‍ നൂറെന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുമെന്നും എല്‍ ജി അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏഷ്യ - പസഫിക് രാജ്യങ്ങളിലാണ് ഓണ്‍ലൈന്‍ സ്റ്റോര്‍ സേവനം ലഭിക്കുക. അതേസമയം, ആപ്ലിക്കേഷനുകളുടെ ലഭ്യത രണ്ടായിരമാക്കി ഉയര്‍ത്തുമെന്നും എല്‍ ജി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക