മൊബൈലില്‍ അശ്ലീലം കണ്ടത് 12 ലക്ഷം കുട്ടികള്‍

Webdunia
ചൊവ്വ, 31 ജനുവരി 2012 (17:58 IST)
PRO
PRO
സ്കൂള്‍ പ്രായത്തില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങുകയാണ് ഇന്നത്തെ കുട്ടികള്‍. എന്നാല്‍ അവര്‍ മൊബൈലില്‍ എന്തൊക്കെ ചെയ്യുന്നു എന്ന് മാതാപിതാക്കള്‍ അന്വേഷിക്കാറുണ്ടോ? രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സ്നേഹപൂര്‍വ്വം സമ്മാനിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഏതൊക്കെ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

യു കെയിലെ 1.2 ദശലക്ഷം കുട്ടികളാണ് മൊബൈല്‍ ഫോണിലൂടെ അശ്ലീല സൈറ്റുകളും അക്രമം പ്രോത്സാഹിപ്പിക്കുന്നത് സൈറ്റുകളും കണ്ടത്. യു കെയില്‍ നടത്തിയ പഠനമാണ് ഈ കണക്കുകള്‍ പുറത്തുകൊണ്ടുവന്നതെന്ന് ദ ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കിടയിലാണ് പഠനം നടത്തിയത്.

പഠനത്തിന് വിധേയരായ കുട്ടികളില്‍ പകുതി പേരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. പത്ത് കുട്ടികളെ എടുത്ത് പരിശോധിച്ചാല്‍ അതില്‍ ഒമ്പത് പേരും മൊബൈല്‍ ഫോണില്‍ സെക്യൂരിറ്റി സെറ്റിംഗ്സ് ഉപയോഗിക്കാറില്ലെന്നതും ഗുരുതരമായ സാമൂഹികവിപത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. 46 ശതമാനം രക്ഷിതാക്കളും മൊബൈല്‍ ഫോണിലെ സെക്യൂരിറ്റി സെറ്റിംഗ്സിനേക്കുറിച്ച് ബോധവാന്മാരല്ല.