ബാങ്കിന്റെ മെസേജുകള്‍ തടഞ്ഞ് അക്കൌണ്ട് കാലിയാക്കുന്ന പുതിയ കള്ളന്മാര്‍

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (16:04 IST)
PRO
ബാങ്ക് രേഖകള്‍ ചോര്‍ത്തുന്നതിനൊപ്പം മൊബൈല്‍ നമ്പറും ബ്ലോക്ക് ചെയ്ത് അക്കൌണ്ടിലെ പണം തട്ടുന്ന മോഡസ് ഓപ്പറാന്‍‌ടിയുമായി ഇ -കള്ളന്‍ ഇന്ത്യയിലുമെന്ന് റിപ്പോര്‍ട്ട്.

ബാങ്ക് രേഖകള്‍ ഹാക്ക് ചെയ്യുന്നതിന് ഒരു പരിധിവരെ പ്രതിവിധിയാണ് അക്കൌണ്ടിന്റെ വിശദാംശങ്ങള്‍ ഫോണില്‍ ലഭിക്കുന്നത്. എന്നാല്‍ ബാങ്ക് അക്കൌണ്ടിനൊപ്പം ഫോണ്‍ നമ്പരും ബ്ലോക്ക് ചെയ്ത് പണം തട്ടുന്ന ഇ-കള്ളന്മാരുണ്ടത്രെ. ബാങ്കിലെ പണം ട്രാന്‍സ്‌ഫര്‍ ചെയ്യുമ്പോള്‍ എസ്‌എം‌എസ് അലര്‍ട്ടുകള്‍ ഒഴിവാക്കിയാണത്രെ തട്ടിപ്പിന്റെ തുടക്കം.

70 ലക്ഷം നഷ്ടപ്പെട്ട വിദേശ ഇന്ത്യക്കാരന്റെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ പിടിയിലായ രണ്ട് നൈജീരിയക്കാരില്‍ നിന്നാണ്. തട്ടിപ്പിന്റെ നൂതന മാര്‍ഗങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത് മൂന്ന് ലാപ്ടോപ്പുകളിലായി 1.6 കോടി ആള്‍ക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്രെ.ബാങ്ക് ഐഡി, പാസ്‌വേര്‍ഡ് എന്നിവ ഹാക്ക് ചെയ്യുന്നതിനോടൊപ്പം ബാങ്ക് അലര്‍ട്ടുകള്‍ പോകുന്ന മൊബൈല്‍ നമ്പരും ഇവര്‍ ശേഖരിക്കും.

സിം കാര്‍ഡ് നഷ്ടപ്പെട്ടെന്ന് കാണിച്ച് ഇവര്‍ മൊബൈല്‍ റിടെയിലര്‍ ഷോപ്പുകളെ സമീപിച്ച് എസ്‌എം‌എസ് അലര്‍ട്ടുകള്‍ ലഭിക്കുന്നത് തടയാന്‍ ഏര്‍പ്പാട് ചെയ്യുന്നു. ചിലപ്പൊള്‍ ഇവര്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കി ഡൂപ്ലിക്കേറ്റ് നമ്പറുകളും എടുക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക