ഗൂഗിള്‍ തെരുവ് ചിത്രങ്ങള്‍ പിന്‍‌വലിക്കുന്നു

തിങ്കള്‍, 23 മാര്‍ച്ച് 2009 (20:49 IST)
ഗൂഗിളിന്‍റെ സ്ട്രീറ്റ് വ്യൂ എന്ന സംവിധാനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബ്രിട്ടണിലെ നിരവധി തെരുവ് ചിത്രങ്ങള്‍ ഗൂഗിള്‍ ഒഴിവാക്കി. ഈ സംവിധാനത്തിനെതിരെ ഒട്ടനവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരം ചിത്രങ്ങള്‍ പിന്‍‌വലിച്ചത്. ജനസേവനത്തിന് വേണ്ടിയാണ് ഇത്തരമൊരു സേവനം തുടങ്ങിയതെങ്കിലും തെരുവ് ചിത്രങ്ങള്‍ പൊതുജനത്തിന്‍റെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു.

മിക്ക തെരുവുകളുടെയും വ്യക്തമാ‍യ ചിത്രം നല്‍കുന്ന സ്ട്രീറ്റ് വ്യൂ സേവനം ക്രിമിനല്‍ കേസുകള്‍ക്ക് വരെ വഴിതെളിയിച്ചു. വീടുകളുടെയും സ്ഥാപനങ്ങളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് മോഷണവും ആക്രമണവും പെരുകാന്‍ കാരണമായി. ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അറിയിക്കണമെന്നും അത്തരം തെരുവ് ചിത്രങ്ങള്‍ ഉടന്‍ നീക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബ്രട്ടണിലെ ദശലക്ഷ കണക്കിന് തെരുവുകളുടെ ചിത്രങ്ങളാണ് ഗൂഗിള്‍ അപ്‌ലോഡ് ചെയ്തത്. ഇതില്‍ കുറച്ചു മാത്രമെ നിലവില്‍ നീക്കം ചെയ്തിട്ടുള്ളൂവെന്നും ഗൂഗിള്‍ പറഞ്ഞു.

2007 മേയില്‍ അമേരിക്കയിലാണ് സ്ട്രീറ്റ് വ്യൂ സേവനം ആദ്യമായി തുടങ്ങിയത്. നിലവില്‍ ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലൊക്കെ സ്ട്രീറ്റ് വ്യൂ സേവനം ലഭ്യമാണ്. ബ്രിട്ടനിലെ 22,369 മൈല്‍‌ പ്രദേശത്തിന്‍റെ തെരുവ് ദൃശ്യം പ്രത്യേക കാമറകള്‍ ഉപയോഗിച്ചാണ് പകര്‍ത്തിയത്.

വെബ്ദുനിയ വായിക്കുക