ടെക്സ്റ്റ് സന്ദേശം വഴി ആപ്പിളിന്‍റെ ജനപ്രിയ സ്മാര്‍ട്ട് ഫോണായ ഐഫോണിനെ ഹാക്കര്‍മാര്‍ക്ക് ആക്രമിക്കാനാകുമെന്ന് സുരക്ഷാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സുരക്ഷാ വിദഗ്ധരുടെ ബ്ലാക്ക് ഹാറ്റ് സമ്മേളനത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നുവന്നത്. സന്ദേശങ്ങള്‍ വഴി മാള്‍വയറുകളും സ്പാമുകള്‍ ഐഫോണില്‍ എത്തിക്കാനാകുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
ബ്ലാക്ക് ഹാറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച് കൊണ്ട് ചാര്‍ലി മില്ലര്‍ എന്ന സുരക്ഷാ വിദഗ്ധനാണ് ഐഫോണ്‍ സുരക്ഷിതമല്ലെന്ന് അറിയിച്ചത്. ഇതിനായി നിരവധി സാങ്കേതിക വിദ്യകള്‍ നിലവില്‍ ലഭ്യമാണെന്നു അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്തരം ആക്രമണങ്ങളെ നേരിടാനായി ഐഫോണ്‍ നിരവധി സുരക്ഷാ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തിരുന്നു.
പലരും ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കുചേരുന്നത് തമാശക്കാണെന്നും സ്വന്തം മൊബൈല്‍ ഫോണുകള്‍ ഇത്തരം ആക്രമണങ്ങള്‍ നേരിടുമ്പോഴാണ് ചെറിയൊരു തമാശയുടെ തീവ്രത മനസ്സിലാക്കുകയെന്നും മില്ലര്‍ പറഞ്ഞു. ഐഫോണിന് പുറമെ ആന്‍ഡ്രോയിഡ് സെറ്റുകളെ കൂടി ആക്രമിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.