Royal Challengers Bengaluru Play Off Scenario: തുടര്‍ച്ചയായ നാലാം ജയത്തോടെ ഐപിഎല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നിര്‍ണായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 60 റണ്‍സിന് തോല്‍പ്പിച്ച ആര്‍സിബി നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നിന്ന് പോസിറ്റീവാക്കി. 12 കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ പത്ത് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ആര്‍സിബി ഇപ്പോള്‍.
സീസണില്‍ രണ്ട് മത്സരങ്ങളാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. പ്ലേ ഓഫില്‍ കയറണമെങ്കില്‍ രണ്ടിലും മികച്ച മാര്‍ജിനില്‍ ജയിക്കുകയാണ് ആദ്യം വേണ്ടത്. എന്നാല്‍ അതുകൊണ്ട് മാത്രം വിരാട് കോലിക്കും കൂട്ടര്‍ക്കും പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല. മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ആര്‍സിബിയുടെ സാധ്യതകള്‍.
മൂന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും പഞ്ചാബ് കിങ്‌സിനോടും തോല്‍ക്കണം. നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന് മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ് എതിരാളികള്‍. ഇതില്‍ ഗുജറാത്തിനോടോ രാജസ്ഥാനോ ജയിച്ചാലും മറ്റു രണ്ട് കളികള്‍ തോല്‍ക്കണം. അല്ലെങ്കില്‍ മൂന്ന് കളികളും തോല്‍ക്കണം. അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിയെ ശേഷിക്കുന്ന മത്സരങ്ങളില്‍ ബെംഗളൂരും ലഖ്‌നൗവും തോല്‍പ്പിക്കണം. ആറാം സ്ഥാനത്തുള്ള ലഖ്‌നൗവിന് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതില്‍ ഡല്‍ഹിയോട് ജയിച്ചാലും അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍ക്കണം. ഇങ്ങനെയെല്ലാം സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും.