അശ്വിന്‍ ഫയര്‍ ആടാ..! കളിയാക്കിയവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത് രവി

Webdunia
ശനി, 21 മെയ് 2022 (08:43 IST)
രാജസ്ഥാനെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറ്റിയത് രവിചന്ദ്രന്‍ അശ്വിന്റെ കിടിലന്‍ ബാറ്റിങ് പ്രകടനം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്‍ തകര്‍ത്തത്. രാജസ്ഥാന്റെ ഒന്‍പതാം ജയമാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 150 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കെ രാജസ്ഥാന്‍ വിജയം സ്വന്തമാക്കി. 
 
രവിചന്ദ്രന്‍ അശ്വിന്റെ ബാറ്റിങ് പ്രകടനമാണ് രാജസ്ഥാനെ തുണച്ചത്. അശ്വിന്‍ പുറത്താകാതെ 40 റണ്‍സ് നേടി. 23 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും അടങ്ങിയ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു അശ്വിന്റേത്. 
 
16.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 112 എന്ന നിലയില്‍ രാജസ്ഥാന്‍ പതറിയതാണ്. തകര്‍പ്പന്‍ ബാറ്റര്‍മാരായ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ് എന്നിവര്‍ക്ക് മുന്‍പേ അശ്വിന്‍ ബാറ്റ് ചെയ്യാനെത്തിയത് പലരുടേയും നെറ്റി ചുളിപ്പിച്ചു. നിര്‍ണായക സമയത്ത് ഹെറ്റ്‌മെയറും പരാഗും നില്‍ക്കുമ്പോള്‍ അശ്വിനെ ഇറക്കിയത് ശരിയാണോ എന്ന് കമന്ററി ബോക്‌സില്‍ നിന്ന് ചോദ്യമുയര്‍ന്നു. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും അശ്വിന്‍ മറുപടി കൊടുത്തു ബാറ്റ് കൊണ്ട് ! 
 
അനുഭവസമ്പത്താണ് അശ്വിന്റെ പ്രകടനത്തില്‍ ഏറെ നിര്‍ണായകമായത്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ വളരെ കൂളായി ഓരോ പന്തും അശ്വിന്‍ കളിച്ചു. ഒരു ഫിനിഷറുടെ റോളില്‍ ടീമിനെ വിജയത്തിലെത്തിക്കാനും തനിക്ക് സാധിക്കുമെന്ന് അശ്വിന്‍ കാണിച്ചുകൊടുത്തു. അശ്വിന്റെ ഫയര്‍ കണ്ട് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ അഭിമാനത്തോടെ ഡ്രസിങ് റൂമില്‍ ഇരുന്നു. ഹെറ്റ്‌മെയറിനും പരാഗിനും മുന്‍പ് അശ്വിനെ ഇറക്കാനുള്ള തന്റെ തീരുമാനം എത്രത്തോളം ശരിയായിരുന്നെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന ശരീരഭാഷയായിരുന്നു അപ്പോള്‍ സഞ്ജുവിന്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article