Kolkata Knight Riders: ഐപിഎല്‍ ഫൈനല്‍ ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ എട്ട് വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശനം. മേയ് 26 ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും കൊല്‍ക്കത്തയുടെ എതിരാളികള്‍.
ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് 19.3 ഓവറില്‍ 159 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത ജയം സ്വന്തമാക്കി. നായകന്‍ ശ്രേയസ് അയ്യര്‍ (24 പന്തില്‍ പുറത്താകാതെ 58), വെങ്കടേഷ് അയ്യര്‍ (28 പന്തില്‍ 51) എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി അര്‍ധ സെഞ്ചുറി നേടി.
ഹൈദരബാദിനെതിരായ മത്സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു കൊല്‍ക്കത്ത. ടോസ് ലഭിച്ച ഹൈദരബാദ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ നഷ്ടമായതോടെ ഹൈദരബാദ് പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ ഓപ്പണര്‍ അഭിഷേക് ശര്‍മയും മടങ്ങി. 35 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സ് നേടിയ രാഹുല്‍ ത്രിപതിയാണ് ഹൈദരബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്‍ റിച്ച് ക്ലാസന്‍ 32 റണ്‍സും പാറ്റ് കമ്മിന്‍സ് 30 റണ്‍സും നേടി.
നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കൊല്‍ക്കത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരബാദ് ബാറ്റിങ് ലൈനപ്പിന്റെ ഫ്യൂസ് ഊരിയത്. വരുണ്‍ ചക്രവര്‍ത്ത് നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. വൈഭവ് അറോറ, ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതം.