ചലഞ്ചേഴ്‌സിനു നാടകീയ ജയം

Webdunia
PTIPTI
അവസാന ഓവറില്‍ രണ്ട് സിക്‍സറുകള്‍ പായിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വിരട്ടാനായെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല. ഐ പി എല്‍ ട്വന്‍റി ലീഗില്‍ ഡക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ കീഴടക്കി ബാംഗ്ലൂര്‍ റോയല്‍‌സ് രണ്ടാം വിജയം കണ്ടെത്തി. ജയാപജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ജയം.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുത്തപ്പോള്‍ ഡക്കാണ്‍ ചാര്‍ജ്ജേഴ്‌സിനു കണ്ടെത്താനായത് ആ വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ്. നായകന്‍ ലക്‍ഷ്മണിന്‍റെയും യുവ താരം രോഹിത് ശര്‍മ്മയുടെയും അര്‍ദ്ധ ശതകങ്ങള്‍ പാഴായിപ്പോയി.

വാലറ്റത്ത് സഞ്ജയ് ബംഗാറിന്‍റെ മികച്ച ബാറ്റിംഗ് കൂടി ഒഴിച്ചാല്‍ ചാര്‍ജ്ജേഴ്‌സിനു കാര്യമായ സംഭാവനകള്‍ ഇല്ലായിരുന്നു.44 പന്തുകളില്‍ ഏഴ് ഫോറുകള്‍ അടിച്ചാണ് ലക്‍ഷ്മണ്‍ 52 റണ്‍സ് എടുത്തത്. രോഹിത് ശര്‍മ്മ 42 പന്തുകളില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്‍സറുകളും അടിച്ചു കൂട്ടി 57 റണ്‍സ് എടുത്തു.

ആദം ഗില്‍ക്രിസ്റ്റില്‍ (10) നിന്നോ ഹര്‍ഷല്‍ ഗിബ്‌സില്‍ (അഞ്ച്) നിന്നോ കാര്യമായ സംഭാവന ഉണ്ടായില്ല. വാലറ്റത്ത് ഏഴ് പന്തില്‍ 17 റണ്‍സ് അടിച്ച സഞ്ജയ് ബംഗാര്‍ വിജയം നല്‍കുമെന്ന് തോന്നിച്ചെങ്കിലും വിജയം അകന്നു നിന്നു. അവസാന ഓവറില്‍ മൂന്ന് റണ്‍സ് അകലെ ദക്കാണ്‍ ചാര്‍ജ്ജെഴ്‌സിന്‍റെ പോരാട്ടം അവസാനിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി മികച്ച ബാറ്റിംഗ് കാഴ്ച വച്ചത് വസീം ജാഫറായിരുന്നു. 37 പന്തില്‍ ഏഴ് ഫോറുകള്‍ അടിച്ച ജാഫര്‍ 44 റണ്‍സ് എടുത്തു. 29 പന്തില്‍ രണ്ട് സിക്‍സിം ഒരു ഫോറും അടിച്ച വിരാട് കോലിയും നന്നായി കളിച്ചു.രണ്ട് സിക്‍സും ഒരു ഫോറും അടിച്ച ദ്രാവിഡിന്‍റെ സമ്പാദ്യം 19 പന്തില്‍ 26 റണ്‍സാ‍യിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സിനായി പ്രവീണ്‍ കുമാറും ഡക്കാണ്‍ ചാര്‍ജ്ജേഴ്‌സിനായി ആര്‍ പി സിംഗും മൂന്ന് വിക്കറ്റുകള്‍ വീതം പിഴുതു.