യമനില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണം: 40 മരണം, 200പേര്‍ക്ക് പരുക്ക്
ചൊവ്വ, 31 മാര്‍ച്ച് 2015 (12:02 IST)
ആഭ്യന്തര കലാപം രൂക്ഷമായ യമനിലെ അഭയാര്‍ഥി ക്യാമ്പിനുനേരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 200ഓളം പേര്‍ക്ക് പരുക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലെ അല്‍ മസ് റാക് ക്യാമ്പിനുനേരെയാണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
അതേസമയം വ്യോമാക്രമണം നടന്നിട്ടില്ലെന്നും ഹൂതികള്‍ നടത്തിയ ആക്രമണത്തിലാണ് അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യമന്‍ വിദേശകാര്യ മന്ത്രി രിയാദ് യാസിനാണ് ഇത്തരത്തില്‍ വ്യക്തമാക്കിയത്. സംഘര്‍ഷം രൂക്ഷമായതോടെ അഭയാര്‍ഥി ക്യാംപുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്.
കഴിഞ്ഞ ദിവസവും സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ നൂറ് കണക്കിന് വിമതര്‍ കൊല്ലപ്പെട്ടിരുന്നു.
ശക്തമായ വെടിവെപ്പും ബോംബ് ആക്രമണവുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണമാണ് നടന്നതെന്ന് ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധസംഘടന വ്യക്തമാക്കി.