ഫ്രഞ്ച് പ്രസിഡന്റുമാര്‍ക്കെതിരെ അമേരിക്ക ചാരവൃത്തി നടത്തി: വിക്കിലീക്‌സ്

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (09:29 IST)
ഫ്രഞ്ച് പ്രസിഡന്റുമാരെ നിരീക്ഷിക്കാന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചാരപ്രവൃത്തി നടത്തിയെന്ന് വിക്കിലീക്‌സ്.
ഫ്രഞ്ച് പ്രസിഡന്റുമാരായ ജാക് ചിറാക്, നിക്കോളാസ് സര്‍ക്കോസി ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒലാന്‍ദെ എന്നിവരുടെ നീക്കങ്ങളാണ് അമേരിക്ക നിരീക്ഷിച്ചിരുന്നത്.

പ്രസിഡന്റുമാര്‍ക്ക് പുറമെ ഫ്രാന്‍സിലെ പല കാബിനറ്റ് മന്ത്രിമാരേയും അമേരിക്കയിലെ ഫ്രഞ്ച് സ്ഥാനാപതിയേയും ഇത്തരത്തില്‍ നിരീക്ഷിച്ചിരുന്നുവെന്നാണ് രേഖകള്‍ പറയുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി, ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ വരെ വിക്കിലീക്‌സ് പുറത്തുവിട്ടു.

അതീവരഹസ്യ സ്വഭാവമുളള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തിലാണ് വിക്കിലീക്സ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. 2006 മുതല്‍ 2012 വരെയുളള കാലത്താണ് യുഎസ് സുരക്ഷാ ഏജന്‍സി ഫ്രഞ്ച് പ്രസിഡന്റുമാര്‍ക്കെതിരെ ചാരവൃത്തി നടത്തിയതെന്നും വിക്കിലീക്സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.