പുകമറവിവാദം: കാലിഫോര്‍ണിയയില്‍ ഫോക്‍സ് വാഗണ്‍ കാറുകള്‍ തിരിച്ചുവിളിക്കും

Webdunia
വ്യാഴം, 26 നവം‌ബര്‍ 2015 (13:48 IST)
പുക മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ ഡീസല്‍ കാറുകളില്‍ കൃത്രിമം കാണിച്ച് വിവാദത്തില്‍ അകപ്പെട്ട ഫോക്‍സ് വാഗണ്‍ കാറുകള്‍ തിരിച്ചുവിളിക്കാന്‍ കാലിഫോര്‍ണിയ എയര്‍ റിസോഴ്സസ് ബോര്‍ഡിന്റെ കര്‍ശന നിര്‍ദേശം.

കാറുകള്‍ തിരിച്ചുവിളിച്ച് നിലവിലെ സാഹചര്യം പരിഹരിക്കാനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ 45 ദിവസത്തെ പ്രവൃത്തി ദിവസമാണ് ഫോക്‍സ് വാഗണ്‍ കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്. ഏകദേശം 16,000 കാറുകളാണ് ഇത്തരത്തില്‍ തിരിച്ചുവിളിക്കുന്നതെന്നും കാലിഫോര്‍ണിയ പരിസ്ഥിതി സംരക്ഷണ ഏജന്‍സി വക്താവ് അറിയിച്ചു.

ഫോക്‍സ് വാഗണ്‍ ഗ്രൂപ്പ് ഓഫ് അമേരിക്കയുടെ കീഴില്‍ 2009-2015 കാലയളവില്‍ വിറ്റഴിഞ്ഞ ഫോക്സ് വാഗണ്‍, ഔഡി, പോര്‍ഷെ കമ്പനികളുടെ 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കാനാണ് കമ്പനിയോടു നിര്‍ദേശിച്ചത്.

അതേസമയം, മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചത് പിടിയിലായതോടെ ഫോക്‍സ് വാഗണ്‍ കാറുകളുടെ വില്‍പ്പനയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച രീതിയില്‍ വില്‍പ്പന നടന്നിരുന്ന പോളോ, ജെറ്റ, വെന്റോ തുടങ്ങിയ മോഡലുകളുടെ വില്പനയില്‍ 21 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. പുതിയ കാറുകളുടെ ബുക്കിംഗിലും കുറവാണ് കാണിക്കുന്നത്. ഏഴുമാസത്തെ കുതിപ്പിനുശേഷം ഇതാദ്യമായാണ് ഫോക്സ് വാഗണ്‍ കാറുകളുടെ വില്പന കുറയുന്നത്.

കമ്പനിയുടെ 78 വർഷ ചരിത്രത്തിലെ ഏറ്റവും ഗുരുതര പ്രതിസന്ധിയെയാണു ഫോക്സ്​വാഗൻ അഭിമുഖീകരിക്കുന്നത്. നടപടിദൂഷ്യം പുറത്തായ പിന്നാലെ ഫോക്സ്​വാഗൻ ഓഹരി വില കൂപ്പുകുത്തി; കമ്പനിയുടെ വിപണി മൂല്യത്തിൽ 30 ശതമാനത്തിലേറെയാണു നഷ്ടം. നിലവിലെ സാഹചര്യം ജർമൻ സമ്പദ്​വ്യസ്ഥയ്ക്കു തന്നെ ഭീഷണി ഉയർത്തിയിട്ടുണ്ടെന്നാണു വിലയിരുത്തൽ.