ഇന്ത്യയില്‍ ഉണ്ടായ അസഹിഷ്ണുതാ വിവാദം പണം കൊടുത്ത് ഉണ്ടാക്കിയതാണെന്ന ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പായി കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യം വെച്ച് പണം കൊടുത്തുണ്ടാക്കിയ വിവാദമെന്നും തികച്ചും അനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് ഏറെ സംസാരിക്കപ്പെട്ടത് പള്ളികള്‍ ആക്രമിക്കപ്പെട്ട കാര്യമായിരുന്നു. ക്രിസ്‌ത്യന്‍ സമൂഹം ഒറ്റപ്പെട്ടെന്നായിരുന്നു വാദം.
ഒരു പള്ളിയില്‍ മോഷണം നടന്ന സംഭവം പള്ളികള്‍ക്ക് നേരെയുള്ള ആക്രമണമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇവിടെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്ക് മാധ്യമങ്ങള്‍ കളിപ്പാവയായി. അസഹിഷ്‌ണുതാ ചര്‍ച്ചകളും ഇതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉണ്ടാക്കിയെടുത്ത ഒന്നാണ് അസഹിഷ്‌ണുതാ വിഷയത്തിലുള്ള ചര്‍ച്ചകള്‍. അഴിമതിക്കെതിരേ പ്രതികരിച്ചതിന് അര്‍ദ്ധരാത്രിയിയില്‍ 70 കാരനായ അണ്ണാ ഹസാരേ പിടിച്ചിട്ടപ്പോള്‍ അസഹിഷ്‌ണുതയ്‌ക്കെതിരേ പ്രതികരിക്കുന്നവര്‍ അന്നത്തെ സര്‍ക്കാരിനെതിരെ മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അസഹിഷ്‌ണുത അനാവശ്യമായി ഇത് സൃഷ്‌ടിക്കാന്‍ വന്‍ തോതില്‍ പണം ഒഴുക്കി. ഇന്ത്യന്‍ മാധ്യമങ്ങള്‍ എങ്ങിനെ ജോലി ചെയ്യുന്നു എന്നതിനെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലേക്കും തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.