തുര്‍ക്കി വെട്ടിലായി; സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റഷ്യ

Webdunia
വെള്ളി, 27 നവം‌ബര്‍ 2015 (08:26 IST)
സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുന്നു.
തുർക്കിയ്ക്കെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് വ്യക്തമാക്കി. തുർക്കിയുടെ നടപടി 'രാജ്യത്തിനു നേരെയുളള ആക്രമണ'മാണെന്ന് മെദ്വേദേവ് പ്രതികരിച്ചു.  വിമാനം വെടിവെച്ചിട്ടതിൽ മാപ്പ് പറയണമെന്ന ആവശ്യം തുർക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യൻ നടപടി.

ഉപരോധത്തിന്‍റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.

തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യൻ അധികൃതർ, പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് നിർദേശം നൽകുകയും ചെയ്തു. തുർക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങൾ അവസാനിപ്പിക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഉപരോധം പ്രാബല്യത്തിൽ വരുന്നത് തുർക്കി സമ്പദ് വ്യവസ്ഥക്കാണ് കനത്ത തിരിച്ചടിയാകുന്നത്. റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യം തുർക്കിയാണ്.

കയറ്റുമതിയിൽ തുർക്കിയുടെ പ്രധാന പങ്കാളിയാണ് റഷ്യ. അടുത്ത എട്ടു വർഷത്തിനുളളിൽ ഇരു രാജ്യങ്ങൾ തമ്മിലുളള വ്യാപാരം പതിനായിരം കോടി ഡോളറായി വർദ്ധിപ്പിക്കാൻ അടുത്തിടെ തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും തമ്മിലുളള കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.

തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുന്നതായി റഷ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുര്‍ക്കി ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം നടത്തിയത്. തുര്‍ക്കിയെ ഇസ്ലാമികവല്‍കരിക്കാനുള്ള നീക്കങ്ങളാണ് നിലവിലെ ഭരണകൂടം നടത്തുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്‌തു.

അതേസമയം, റഷ്യക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി തുര്‍ക്കിയും രംഗത്തെത്തി. രാജ്യത്തിനെതിരായ ഏതൊരു നീക്കവും ശക്തമായി പ്രതിരോധിക്കുമെന്ന് പ്രധാനമന്ത്രി അഹമ്മദ് ദാവുദ് ഒഗ്ലു പറഞ്ഞു. ഇസ്‌ലാമിക ഭീകരരെ നശിപ്പിക്കാനെന്ന പേരില്‍
റഷ്യ നടത്തുന്ന വ്യോമാക്രമണത്തില്‍ നിരവധി സിവിലിയന്മാരാണ് കൊല്ലപ്പെടുന്നത്. ഐഎസ് ഭീകരരെ ലക്ഷ്യമാക്കിയല്ല റഷ്യ ആക്രമണം നടത്തുന്നത്. സിറിയയിലുള്ള തുര്‍ക്കി വംശജരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.