മൃഗശാലകളിലായാലും സര്‍ക്കസിലാണെങ്കിലും തങ്ങളുടെ കൈയിലുള്ള ഭക്ഷണം മൃഗങ്ങള്‍ക്ക് കൊടുക്കാന്‍ പല ആളുകളും ശ്രമിക്കാറുണ്ട്. എന്നാല്‍ അതില്‍ പതിയിരിക്കുന്ന അപകട സാധ്യത നമ്മള്‍ മനസിലാക്കാതെയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നത്. അത്തരത്തിലുള്ളൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ചൈനയിലെ മൃഗശാലയില്‍ അരങ്ങേറിയിരിക്കുന്നത്.
ഹെനാന്‍ പ്രവിശ്യയിലെ ഒരു മൃഗശാലയില്‍ കയറിയ വൃദ്ധന്‍ തന്റെ കൈയില്‍ കരുതിയിരുന്ന മാംസം അഴികള്‍ക്കിടയിലൂടെ കടുവയ്ക്കുനേരെ നീട്ടുകയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മാംസം നല്‍കാനായി കൈനീട്ടിയ വൃദ്ധന്റെ കൈയിലെ ഭക്ഷണം മാത്രമല്ല അയാളുടെ കൈയും കടുവ കടിച്ചുപിടിച്ചെടുക്കുകയായിരുന്നു.
കൈവലിക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടും കഴിയാതെവന്നപ്പോളാണ് വൃദ്ധന്‍ അലറിവിളിച്ച് ആളുകളെ കൂട്ടിയത്. ഒടുവില്‍ മൃഗശാലാ ജീവനക്കാരെത്തി കടുവയുടെ മേല്‍ വടികൊണ്ട് ആഞ്ഞടിച്ച ശേഷമായിരുന്നു കൈയില്‍ നിന്നുള്ള പിടി കടുവ വിട്ടത്. വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൈക്കേറ്റ പരിക്ക് എത്ര വലുതാണെന്ന കാര്യം വ്യക്തമല്ല.