ദിവസം 22 മണിക്കൂറും ഉറങ്ങിത്തീര്‍ക്കുന്ന യുവതിയുടെ കഥ

Webdunia
ബുധന്‍, 5 നവം‌ബര്‍ 2014 (16:17 IST)
കുംഭകര്‍ണ്ണനെ കുറിച്ച് ആരോടും പറയേണ്ടതില്ല. ആറുമാസം ഉറക്കവും പിന്നീറ്റ് ആറുമാസം ഉണര്‍ന്നിരിക്കാനും വരം നേടിയ രാക്ഷസനായ കുംഭകര്‍ണ്ണന്‍ ഇന്ത്യന്‍ ഐതിഹ്യങ്ങളില്‍ ഒന്നാണ്. അതിനാല്‍ ആവശ്യത്തില്‍ അധികം ഉറങ്ങുന്ന ആരേയും നമ്മള്‍ കുംഭകര്‍ണന്മാര്‍ എന്ന് പരിഹസിക്കാറുണ്ട്.

എന്നാല്‍ മിത്തുകളിലെ കുംഭകര്‍ണ്ണന്‍ പോലും നാണിച്ചു പോകുന്ന രിതിയില്‍ ഉറങ്ങുന്ന ഒരാളുണ്ട്. ഇവിടല്ല. അങ്ങ് മാഞ്ചസ്റ്ററില്‍. മാഞ്ചസ്റ്റര്‍ സ്വദേശിനിയായ യുവതി ദിവസത്തില്‍ 22 മണിക്കൂറും ഉറക്കത്തിലാണ്. ഇവര്‍ ഒരു ദിവസം ഉണര്‍ന്നിരിക്കുന്നത് കഷ്ടിച്ച് രണ്ടുമണിക്കൂര്‍ മാത്രമാണ്. ബാക്കി ഇരുപത്തിരണ്ടുമണിക്കൂറും ഇവര്‍ ഉറങ്ങി ഉറങ്ങി മടുക്കുന്നു.

ബേത്ത് ഗൂഡിയര്‍(24) എന്ന യുവതിയാണ് അപൂര്‍വമായ കുംഭകര്‍ണ സേവ നടഹ്തുന്നത്. അപൂര്‍വമായ നാഡീ രോഗമാണ് ഇവരെ 22 മണിക്കൂറും ഉറക്കികിടത്തുന്നത്. പതിനാറു വയസു മുതലാണ് ഗൂഡിയറിനെ രോഗം പിടികൂടിയത്. പല ചികിത്സകള്‍ നടത്തിയെങ്കിലും  രോഗത്തിന്  പ്രതിവിധി കണ്ടെത്താന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.

വിശപ്പോ ദാഹമോ ഇല്ലാതെ ചിലപ്പോള്‍ ദിവസം മുഴുവനും ഗൂഡിയര്‍ ഉറങ്ങിക്കളയും. ഉറങ്ങാന്‍ ഗൂഡിയറിന് പ്രത്യേക സമയമൊന്നും ഇല്ല.  ചിലപ്പോള്‍  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴൊ, സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ,ബാത്ത് റൂമില്‍ ഇരിക്കുമ്പോഴോ അങ്ങനെ അപ്രതീക്ഷിതമായി ഗൂഡിയറിനെ ഉറക്കം കീഴ്പ്പെടുത്തുകയാണ്.

അസുഖത്തേ തുടര്‍ന്ന് പഠനം പാതിവഴിയില്‍ മുടങ്ങി, കൂട്ടുകാര്‍ക്കൊപ്പം കളിക്കാനോ പാര്‍ക്കില്‍ പോകാനോ പുറത്തിറങ്ങാനോ ഇപ്പോള്‍ ഗൂഡിയറിന് പേടിയാണ്. കാരണം പാര്‍ക്കില്‍ പോകുന്ന കൂട്ടത്തില്‍ ഉറങ്ങി അപകടത്തില്‍ ചാടാതിരിക്കാനാണിത്. ഇനി ഉറക്കം ഉണര്‍ന്നാലും കുറേനേരത്തേക്ക് ഗൂഡിയറിന് ഒന്നും മനസിലാകില്ല. ഒരുതരം മരവിച്ച അവസ്ഥയാണ് ഈ അവസരത്തിലെന്നും ഗൂഡിയര്‍ പറയുന്നു.

അതേസമയം ഇത് വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന ഒരവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വ്യക്തമായ കാരണമോ പ്രതിവിധിയോ കണ്ടെത്താന്‍   കഴിഞ്ഞിട്ടില്ലാത്ത അസുഖം  പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.