സമ്മതമില്ലാതെ ട്രംപ് ചുംബിച്ചു; വിമാനത്തില്‍ വെച്ച് കടന്നു പിടിച്ചു; വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു: ട്രംപിനെതിരെ സ്ത്രീകളുടെ പരാതിപ്രളയം

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (14:31 IST)
സ്ത്രീകളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്ന ട്രംപിന്റെ സംഭാഷണത്തിന്റെ വീഡിയോ കഴിഞ്ഞദിവസം വാഷിംഗ്‌ടണ്‍ പോസ്റ്റ് പുറത്തു വിട്ടിരുന്നു. ഇത് വിവാദമായിരുന്നു. കൂടാതെ, സ്ത്രീകളോട് അശ്ലീലപരാമര്‍ശം നടത്തിയതും ട്രംപിനെ വിവാദക്കുരുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ട്രംപിനെതിരെ ആരോപണങ്ങളുമായി ഒരു റിപ്പോര്‍ട്ടര്‍ അടക്കമുള്ള സ്ത്രീകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
 
സമ്മതമില്ലാതെ ട്രംപ് കടന്നുപിടിച്ചെന്നും ചുംബിച്ചെന്നും ആരോപിച്ച് നാലു സ്ത്രീകളാണ് രംഗത്തെത്തിയത്. 
ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തില്‍ വെച്ച് ട്രംപ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും വസ്ത്രം അഴിക്കാന്‍ ശ്രമിച്ചെന്നും ഒരു സ്ത്രീ വ്യക്തമാക്കി. 30 വര്‍ഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്.
 
അതേസമയം, 2005ല്‍ എലിവേറ്ററിനു പുറത്ത് വെച്ച് തന്നെ ട്രംപ് ചുംബിച്ചതായി മറ്റൊരു സ്ത്രീ ആരോപിച്ചു. ഇതിനിടെ, 13 വര്‍ഷം മുമ്പ് റിസോര്‍ട്ടില്‍ വെച്ച് തന്നോടും സമാനരീതിയില്‍ പെരുമാറിയതായി മറ്റൊരു സ്ത്രീ ആരോപിച്ചു. ട്രംപിനെതിരെ ആരോപണം ഉന്നയിച്ച നാലാമത്തെ സ്ത്രീ പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ടറാണ്. അഭിമുഖത്തിനായി 2005ല്‍ ട്രംപിനെ സമീപിച്ചപ്പോള്‍ അനുമതിയില്ലാതെ തന്നെ ചുംബിച്ചതായി ലേഖിക വ്യക്തമാക്കി.
 
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിച്ചു. ഇത്തരത്തിലുള്ള എല്ലാ ലേഖനങ്ങളും കള്ളക്കഥയാണെന്ന് ട്രംപിന്റെ വക്താവ് ജോണ്‍ മില്ലര്‍ പ്രതികരിച്ചു.
Next Article