സെല്‍ഫിയെടുത്ത് പ്രശസ്ത ഗായിക വിവാദത്തില്‍

Webdunia
ബുധന്‍, 8 ജൂലൈ 2015 (14:31 IST)
അപ്പൂപ്പന്റെ മൃതദേഹത്തോടൊപ്പമുള്ള സെല്‍ഫി ഏറെ വിവാദമായതിന് പിന്നാലെ  ഏതാണ്ട് ഇതേ രീതിയില്‍ സെല്‍ഫിയെടുത്ത് പുലി വാല്‍ പിടിച്ചിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നുള്ള പ്രശസ്ത ഗായിക. പാകിസ്ഥാനില്‍ നിന്നുള്ള പ്രശസ്ത ഗായിക കോമള്‍ റിസ്വിയാണ് സെല്‍ഫിയെടുത്ത് വിവാദത്തിലായത്.

അസുഖം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകനും മനുഷ്യ സ്‌നേഹിയുമായ അബ്ദുള്‍ സത്താര്‍ എതിയെ കാണാനെത്തിയപ്പോള്‍ താരമെടുത്ത സെല്‍ഫിയാണ് താരത്തിന് വിനയായത്. അദ്ദേഹത്തോടൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫിയെടുത്ത്  താരം അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. മനുഷ്യസ്‌നേഹിയായ ഒരു മനുഷ്യന്റെ ദുഃഖാവസ്ഥയില്‍ സന്തോഷിച്ച്, ചിരിച്ചു കൊണ്ട് സെല്‍ഫി പോസ്റ്റുചെയ്യാന്‍ എങ്ങനെയാണ് താരത്തിന് കഴിഞ്ഞതെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആ പോസ്റ്റിന് വന്നത്.

സംഭവം വന്‍ ചര്‍ച്ചയായതോടെ താരം തന്നെ അതിന് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സെല്‍ഫികളില്‍ ഒന്നായിരുന്നുവതെന്നും ആ സെല്‍ഫിയെടുക്കുമ്പോള്‍ വലിയ മനുഷ്യ സ്‌നേഹിയായ അദ്ദേഹവും വലിയ സന്തോഷത്തിലായിരുന്നുവെന്നും റിസ്വി പറഞ്ഞു. പാട്ടും ചര്‍ച്ചകളുമായി ഞങ്ങള്‍ ചിലവഴിച്ച സന്തോഷകരമായ നിമിഷങ്ങളെ ഒരു വിമര്‍ശനങ്ങള്‍ കൊണ്ടും ഇല്ലാതാക്കാന്‍ പറ്റില്ലെന്നും താരം പറഞ്ഞു.