സൗദിയില്‍ വീണ്ടും ഹൂതികളിടെ ഷെല്ലാക്രമണം, അഞ്ച്പേര്‍ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 7 മെയ് 2015 (12:04 IST)
ദക്ഷിണ സൗദിയിലെ നജ്റാനില്‍ യമനിലെ ഹൂതി വിമത പോരാളികള്‍ വീണ്ടും ഷെല്ലാക്രമണം നടത്തി. ജനസാന്ദ്രതയേറിയ താമസസ്ഥലങ്ങളിലേക്കും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഒരു സുരക്ഷാഭടനും നാലു സൌദി സ്വദേശികളും കൊല്ലപ്പെട്ടു. അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ വാഹനത്തില്‍ ഷെല്‍ പതിച്ചാണ് ഒരാള്‍ മരിച്ചത്.

നജ്റാന്‍ സെന്‍ട്രല്‍ ജയില്‍, ടാക്സി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം നജ്റാനിലെ ജനവാസ കേന്ദ്രങ്ങളില്‍ നടന്ന ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായി ഹൂതികളുടെ ആക്രമണ കേന്ദ്രം കണ്ടെത്തി ശക്തമായി തിരിച്ചടിക്കുമെന്ന് സൌദു സൈനിക മേധാവി പറഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് അടുത്ത ആക്രമണം ഉണ്ടായത്. ഇന്ത്യക്കാര്‍ ഏറെ ജോലിചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൌദി അറേബ്യ.

യമനില്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് പ്രതികാരമായാണ് സൌദിയില്‍ ഹൂതികള്‍ ആക്രമണം നടത്തുന്നത്. യമനിലെ പോലെ സൌദിയില്‍ ഷിയാകള്‍ ശക്തരല്ല.എന്നാല്‍ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ ഇവരുടെ ആക്രമണങ്ങള്‍ക്ക് സാധിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.