ഘാനയിലെ പെട്രോള്‍ പമ്പിലെ സ്ഫോടനം: മരണം 150

Webdunia
വെള്ളി, 5 ജൂണ്‍ 2015 (08:17 IST)
ഘാനയുടെ തലസ്ഥാനമായ അക്രായില്‍ പെട്രോള്‍ സ്റേഷനില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 150. നൂറ് കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. സ്ഫോടനത്തില്‍ മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസും അഗ്നിശമനസേനയും. മരണസംഖ്യയില്‍ വര്‍ദ്ധനവ് ഉണ്ടായതായി ഘാന പ്രസിഡന്റ് ജോണ്‍ ഡ്രമണി മഹാമ അറിയിച്ചു.
 
കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകുകയും വെള്ളം പെട്രോള്‍ പമ്പില്‍ നിറയുകയും ചെയ്യുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നൂറ് കണക്കിനാളുകള്‍ പെട്രോള്‍ പമ്പില്‍ അഭയം പ്രാപിച്ചിരുന്നു. ഈ സമയം പമ്പില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പെട്രോളും ഡീസലും പുറത്തേക്ക് ഒഴുകുകയും സമീപത്തെ വീട്ടില്‍ നിന്ന് തീപ്പൊരി വീണതിനെത്തുടര്‍ന്ന് ഉഗ്രസ്ഫോടനവും തീപിടിത്തവും ഉണ്ടാകുകയുമായിരുന്നു. 
 
സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ തീ സമീപത്തുള്ള കെട്ടിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. അക്രാ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ക്വാമി എന്‍ ക്രൂമ സര്‍ക്കിളിലാണ് സ്ഫോടനമുണ്ടായ പെട്രോള്‍ പമ്പ്. സ്ഫോടനത്തില്‍ മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. രാജ്യത്തെ നടുക്കിയ സ്ഫോടനത്തില്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൂന്നു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചതായും മഹാമ അറിയിച്ചു.