ഗൂഢാലോചന നടന്നത് ബെല്‍ജിയത്തില്‍: ഫ്രഞ്ച് ആഭ്യന്തരമന്ത്രി

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2015 (11:15 IST)
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണങ്ങള്‍ക്കുള്ള ഗൂഢാലോചന നടന്നത് ബെല്‍ജിയത്തിലാണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസെന്യൂ. ഫ്രഞ്ച് സഹോദരന്മാര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ട്. ആക്രമണം നടത്തിയ ചാവേറുകളില്‍ രണ്ടുപേര്‍ ബെല്‍ജിയത്തില്‍ താമസിച്ചിരുന്ന ഫ്രഞ്ച് പൗരന്‍മാരാണ്. ഇവര്‍ക്കും മറ്റ് ചാവേറുകള്‍ക്കും  ബെല്‍ജിയത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രസല്‍സില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറുകളിലാണ് ചാവേറുകള്‍ എത്തിയത്. ഈ കാര്യം അന്വേഷണ സംഘത്തിന്  വ്യക്തമായിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ഈ വാഹനങ്ങളുടെ പാര്‍ക്കിംഗ് ടിക്കറ്റുകളും ലഭിച്ചിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഏഴു പേരെ അറസ്‌റ്റു ചെയ്‌തുവെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സലാഹ് അബ്ദല്‍സലാം എന്നയാള്‍ ഫ്രാന്‍സില്‍ നിന്ന് കാര്‍ മാര്‍ഗം ബ്രസല്‍സിലേയ്ക്ക് കടന്നിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 26കാരനായ സലാഹ് അബ്ദല്‍സലാമിന്റെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ ഉടമസ്ഥനും അബ്ദുല്‍സലാമാണ്. ബാറ്റാക്ലാന്‍ കണ്‍സര്‍ട്ട് സെന്ററിലേക്ക് കാറോടിച്ച് എത്തിയത് ഇയാളാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ സഹോദരങ്ങളില്‍ ഒരാള്‍ ബെല്‍ജിയത്തില്‍ പിടിയിലായവരിലൊരാളാണ്. മറ്റൊരാളായ ഇബ്രാഹിം അബ്ദുല്‍ സലാം സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ടെന്നാണ് നിഗമനം.

കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ കൈവശത്ത് നിന്ന് ഒരു സിറിയന്‍ പാസ്‌പോര്‍ട്ടും ഒരു ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മൂന്നിന് ലെറോസ് ദ്വീപ് വഴി അഭയാര്‍ഥികളുടെ കൂട്ടത്തിലാണ് സിറിയന്‍ സ്വദേശി യൂറോപ്പില്‍ എത്തിയത്. സംഘത്തില്‍ ഒരാള്‍ പതിനഞ്ചുകാരനായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തില്‍ ഇതുവരെ 129 പേര്‍ മരിച്ചതായി അധികൃതര്‍ സ്‌ഥിരീകരിച്ചു. 352 പേര്‍ക്കു പരുക്കേറ്റു. 99 പേരുടെ നില അതീവ ഗുരുതരമാണ്. രാജ്യത്ത് അടിയന്തരാവസ്ഥ തുടരുന്ന രാജ്യത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും സ്‌കൂളുകളും അടച്ചു. ആക്രമണസാധ്യത കണക്കിലെടുത്ത് ഈഫല്‍ ടവറും മറ്റു പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സിറിയയില്‍ ഐഎസിനെതിരായി ഫ്രാന്‍സ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണമെന്ന് ഐഎസ് പറയുന്നത്.