ബലൂചിസ്ഥാനുൾപ്പെടെ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ അനധികൃതമായി ഇടപെടൽ നടത്തുന്നുവെന്ന പാക് വാദം അമേരിക്ക നിരാകരിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും തമ്മിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് യുഎസ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.
പാകിസ്ഥാനിലെ ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ച് മൂന്ന് തെളിവുകളാണ് അവർ യുഎസിന് കൈമാറാൻ ശ്രമിച്ചത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സമർപ്പിക്കുന്ന ദൈനംദിന പ്രവർത്തന സംഗ്രഹത്തോടൊപ്പം ഈ വിഷയവും ഉൾപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമവും വിജയം കണ്ടില്ല. ആരോപണം തെളിയിക്കുന്നതിന് പാകിസ്ഥാൻ നൽകിയ തെളിവുകൾ സ്വീകരിക്കാനോ തെളിവുകളിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനോ അമേരിക്ക തയ്യാറായതുമില്ല.
എന്നാല്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തനത്തിന് അറുതി വരുത്താൻ പാക് സർക്കാർ അധിക ശ്രദ്ധ നൽകിയേ തീരൂവെന്നും ഒബാമ ഭരണകൂടം വ്യക്തമാക്കി. ബലുചിസ്ഥാനിൽ നടക്കുന്ന വംശീയ സംഘർഷങ്ങളിലും പാക്കിസ്ഥാനിലെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങളിലും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്ക് പങ്കുണ്ടെന്നാണ് പാക് സർക്കാരിന്റെ അവകാശവാദം.
ഇന്ത്യയ്ക്കെതിരായ തെളിവുകള്‍ സ്വീകരിക്കനോ അതേക്കുറിച്ച് സംസാരിക്കാനോ പോലും അമേരിക്ക തയ്യാറാകാതിരുന്നത് പാക് സംഘത്തിന് നാണക്കേടായി. മാത്രമല്ല ഇന്ത്യയ്ക്കെതിരായ തെളിവുകളെ കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും അതേക്കുറിച്ചു പ്രതികരിക്കാൻ യുഎസ് വക്താവ് ജോൺ കിർബി തയാറായതുമില്ല.
മാത്രമല്ല, ഷെരീഫുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിൽ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ചു സൂചന പോലും നൽകിയില്ല. സുരക്ഷാ കാര്യങ്ങളും പ്രാദേശിക, ആഗോള വിഷയങ്ങളുമാണ് ചർച്ചയിൽ ഉയർന്നുവന്നതെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ട്വീറ്റ്. ഇതു ജോൺ കെറി റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.