നീണ്ടകാലാത്തെ പട്ടാള അട്ടിമറിയുടെ ചരിത്രം പേറുന്ന പാകിസ്ഥാനില്‍ വീണ്ടും പട്ടാളം അധികാരം അട്ടിമറിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന തുറമുഖ നഗരമായ കറാച്ചി പാക് സൈന്യത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ ആയതായാണ് വിവരം.ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് കറാച്ചിയുടെ സാമ്പത്തിക സാമൂഹ്യ അവസ്ഥയെന്ന് ആരോപിച്ചാണ് നഗരത്തില്‍ പട്ടാള അതിക്രമം ഉണ്ടായിരിക്കുന്നത്.
കറാച്ചിയുടെ ഭരണം കൈയ്യാളുന്ന മുത്തഹ്വിദ ഖ്വാദി മൂവ്മെന്റ് പാര്‍ട്ടിയുടെ ശക്തി തന്ത്രപൂര്‍വ്വം ക്ഷയിപ്പിച്ചാണ് സൈന്യം നഗരത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. പട്ടാളത്തിന്റെ നീക്കം ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ്. മാത്രമല്ല പട്ടാളത്തിന്റെ നീക്കത്തിന്റെ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെയും മറ്റ് ചെറുകിട സംഘടനകളുടെയും ഒത്താശയുമുണ്ട്. പാകിസ്ഥാന്റെ ദേശീയ സമ്പത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത് കറാച്ചിയില്‍ നിന്നാണ് ലഭിക്കുന്നത്.
സ്റ്റോക്ക് എക്ചേഞ്ച്, കേന്ദ്ര ബാങ്ക്, തന്ത്രപ്രധാനമായ കാര്യാലയങ്ങള്‍, ബാങ്കുകളുടെ കേന്ദ്രീയ കാര്യാലയങ്ങള്‍ എന്നിവ കറാച്ചിയിലാണ്. കറാച്ചി പിടിച്ചാല്‍ അടുത്ത നീക്കം തലസ്ഥാനമായ ഇസ്ലാമാബാദായിരിക്കും എന്നാണ് വിവരം. കൂടാതെ പാകിസ്ഥാന്റ്റെ മറ്റ് പ്രദേശങ്ങളിലും സൈന്യം തന്ത്രപൂര്‍വ്വം അധികാരം അട്ടിമറിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായാണ് വിവരം. പ്രാദേശിക ഭരണകൂടങ്ങള്‍ കറാച്ചിയുടേത് പോലെ പിടിക്കാനും അതുവഴി അധികാരം അട്ടിമറിക്കാനുമാണ് പട്ടാളം ശ്രമിക്കുന്നത്.
പട്ടാള അട്ടിമറിയുണ്ടായാല്‍ അത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും അതിര്‍ത്തിയിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം യുദ്ധ സാധ്യതയും ഒഴിവാക്കാനാകില്ല. മാത്രമല്ല ഇന്ത്യയുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തുന്നതില പ്രധാനമന്ത്രി നവാസ് ഷെരീഫ് കാണിക്കുന്ന വ്യഗ്രതയില്‍ പട്ടാളത്തിന് അതൃപതിയുമുണ്ട്. ഇത് വെളിപ്പെടുത്തുന്ന തരത്തില്‍ അതിര്‍ത്തിയില്‍ പാക് പട്ടാളം പ്രകോപനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.