ഇന്ത്യാ- പാക്ക് വിഷയത്തില്‍ വീണ്ടും ഇന്ത്യയ്ക്കെതിരെ മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് രംഗത്ത്. ഇന്ത്യയുമായി സൌഹൃദത്തിലാവാം പക്ഷെ അത് ഇന്ത്യയ്ക്ക് മുന്നില്‍ തലകുനിച്ചുകൊണ്ടുള്ള സൌഹൃദമാകില്ലെന്നാണ് മുഷാറഫ് പറഞ്ഞത്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഷാറഫ് തന്രെ ഇന്ത്യാ നയം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളുടെയും ആത്മാഭിമാനം ത്യജിക്കാതെ തുല്യ നിബന്ധനകളില്‍ കൂടി മാത്രമേ ഇന്ത്യയുമായി സൌഹൃദം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നാലും അതിപ്പോള്‍ നരേന്ദ്ര മോഡി ആണെങ്കിലും ഇന്ത്യയുമായി സൌഹൃദം സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. പക്ഷേ അതൊരിക്കലും ഇന്ത്യയ്ക്കു മുന്നില്‍ തല കുനിച്ചോ ഇന്ത്യ നടത്തുന്ന അതിര്‍ത്തിലംഘനത്തെ അംഗീകരിച്ചോ ആവില്ല. അതിര്‍ത്തി ലംഘനം, പാക്ക് സൈനികരെ കൊലപ്പെടുത്തുക, പടിഞ്ഞാറ് ബലൂചിസ്ഥാനില്‍ തീവ്രവാദത്തെ പ്രാല്‍സാഹിപ്പിക്കുക എന്നിവ ഇന്ത്യ ഇനിയും തുടര്‍ന്നാല്‍ ഞങ്ങളും തിരിച്ചടിക്കും- മുഷാറഫ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്ന കശ്മീര്‍, സര്‍ ക്രീക്ക്, ജല ഉടമ്പടി എന്നിവയെല്ലാം ഉടന്‍ പരിഹരിക്കപ്പെടും. പ്രശ്നപരിഹാരത്തിനായി ഇരുരാജ്യങ്ങളും ഏകദേശ ധാരണയായിട്ടുണ്ട്. സൌഹൃദം സ്ഥാപിക്കാന്‍ ഇന്ത്യ ഒരടി മുന്നോട്ടു വന്നാല്‍ പാക്കിസ്ഥാന്‍ രണ്ടി മുന്നോട്ടു വരുമെന്നുള്ള വസ്തുത ഇന്ത്യ മനസ്സിലാക്കണമെന്നും മുഷറഫ് ആവശ്യപ്പെട്ടു. ഇന്ത്യയുമായി സൌഹൃദം ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ജനങ്ങളുടെ വിചാരം. എന്നാല്‍ അത് അങ്ങനെയല്ല. എന്റെ അധികാരകാലം മുതലേ ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്, മുഷറഫ് കൂട്ടിച്ചേര്‍ത്തു.