ചൊവ്വയിലേക്ക് മനുഷ്യന്‍ പോയിരിക്കും, നാസ ഉറപ്പിച്ചു

Webdunia
ഞായര്‍, 30 ഓഗസ്റ്റ് 2015 (11:51 IST)
ചന്ദ്രനില്‍ മനുഷ്യരെ ഇറക്കിയതുപോലെ നിശബ്ദ ഭൂമികയായ ചുവന്ന ഗ്രഹത്തിലേക്കുകൂടി മനുഷ്യനെ അയയ്ക്കാനുള്ള നീക്കങ്ങളില്‍ അടുത്ത ചുവടുവയ്പ്പ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തുടങ്ങി. ഇതിനായി ചൊവ്വാ യാത്ര ലക്ഷ്യമിട്ട്‌ അമേരിക്കയുടെ നേതൃത്വത്തില്‍ മൂന്നു രാജ്യങ്ങളിളെ വിദഗ്ദരെ പ്രത്യേക സാഹചര്യത്തില്‍ അമേരിക്ക താമസിപ്പിച്ചു തുടങ്ങി.

ഹാവായിയിലെ പ്രത്യേക കേന്ദ്രത്തിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അടുത്ത ഒരുകൊല്ലം ഇവര്‍ ഇതില്‍ നിന്ന് പുറത്തിറങ്ങാതെ താമസിക്കും. ഫ്രഞ്ച്‌ ആസ്‌ട്രോബയോളജിസ്‌റ്റ്‌, ജര്‍മന്‍ ഭൗതിക ശാസ്‌ത്രജ്‌ഞന്‍, നാല്‌ അമേരിക്കക്കാര്‍ എന്നിവരാണു സംഘത്തിലുള്ളത്‌. ഈ കേദ്രത്തില്‍ ചൊവ്വയിലെ കാലാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.

20 മീറ്റര്‍ ഉയരവും 36 മീറ്റര്‍ ചുറ്റളവുമുള്ള തമസ കേന്ദ്രത്തില്‍ സസ്യങ്ങളുടെയോ മൃഗങ്ങളുടെയോ സാന്നിധ്യം ഉണ്ടാകില്ല. പരിമിതമായ രീതിയില്‍ അനുവദിച്ചിട്ടുള്ള ഇന്റര്‍നെറ്റ്‌ സൗകര്യം മാത്രമാണു പുറംലോകവുമായി ബന്ധപ്പെടാനുള്ളത്‌. ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണം നേരത്തെ തന്നെ കരുതിയിട്ടുണ്ട്‌. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ്‌ മൂന്നിന് ഇവര്രെ കേന്ദ്രത്തിനുള്ളില്‍ ആക്കിക്കഴിഞ്ഞു.

ഇവരുടെ ശാരിരിക- മാനസിക നില ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യത്തിനു സഹായമാകുമെന്നാണു നാസയുടെ പ്രതീക്ഷ. "മനുഷ്യരെ പുതിയ ലോകവുമായി ബന്ധിപ്പിക്കാനുള്ള ദൗത്യമാണു തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന്‌" പുതിയ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ്‌ ദൗത്യസംഘാംഗമായ ഷെയ്‌ന ജിഫോര്‍ഡ്‌ പറഞ്ഞു.അമേരിക്കയുടെ അടുത്ത ചൊവ്വാദൗത്യം എട്ട്‌ മാസത്തിനുള്ളില്‍ നടക്കും. ചൊവ്വയിലേക്കു റൊബോട്ടുകളെ അയയ്‌ക്കാനാണു നാസയുടെ തീരുമാനം.