‘കെം ചോ മിസ്റ്റര്‍ പി‌എം?’ മോഡിയോട് ഗുജറാത്തിയില്‍ സുഖവിവരം അന്വേഷിച്ച് ഒബാമ

Webdunia
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (09:03 IST)
‘കെം ചോ മിസ്റ്റര്‍ പി‌എം?’(സുഖമാണോ). മോഡിയുടെ മാതൃഭാഷയായ ഗുജറാത്തിയിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സ്വീകരണം. യുഎസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായി പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൌസില്‍ നടത്തിയ അത്താഴവിരുന്നായിരുന്നു വേദി. വൈറ്റ് ഹൌസിലെത്തിയ പ്രധാനമന്ത്രിയെ ഒബാമ നേരിട്ടെത്തി സ്വീകരിച്ചു. അതേസമയം ഒബാമയുടെ ഭാര്യ മിഷേല്‍ വിരുന്നിനെത്തിയില്ല. 
 
അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍, വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് സൂസന്‍ റൈസ് എന്നിവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. ബരാക് ഒബാമയുമായുളള നരേന്ദ്രമോദിയുടെ ഉഭയകക്ഷി ചര്‍ച്ച ഇന്ത്യന്‍ സമയം ഇന്ന് രാത്രി നടക്കും. നയതന്ത്ര, സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. കൂടിക്കാഴ്ചയെ തുടര്‍ന്ന് ഇരു നേതാക്കളും സംയുക്തവാര്‍ത്താകുറിപ്പ് പുറത്തിറക്കും.
 
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയശങ്കര്‍ എന്നിവര്‍ക്കൊപ്പമാണ് വിരുന്നിനായി മോഡിയെത്തിയത്. 
 
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, ലിങ്കന്‍ സ്മാരകങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് ഇത്തവണത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ അവസാനദിനം മോഡിയുടെ കാര്യപരിപാടികള്‍ തുടങ്ങുക. തുടര്‍ന്ന് വാഷിംഗ്‌ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയും മോഡി സന്ദര്‍ശിക്കും.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.