യുഎന്‍ ഇടപെലിനെ തുടര്‍ന്ന് ഗാസാ മുനമ്പില്‍ ആറു മണിക്കൂര്‍ നേരത്തേക്ക് വെടി നിര്‍ത്തല്‍ ഇസ്രായേല്‍ അംഗീകരിച്ചു. എപ്പോള്‍ മുതല്‍ ഇത് നടപ്പിലാക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഹമാസിന്റെ പ്രതികരണം അറിവായിട്ടില്ല.
ഒമ്പതു ദിവസമായി തുടരുന്ന പോരാട്ടത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 220 ആയി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഈജിപ്‌തിന്റെ നിര്‍ദേശങ്ങള്‍ ഹമാസ് തള്ളിയിരുന്നു. അതേസമയം ആക്രമണം തുടരുന്ന ഇസ്രായേലിന് ഇതുവരെയുള്ള പാലസ്‌തീന്‍ ആക്രമണത്തില്‍ നഷ്‌ടമായത് ഒരു ജീവന്‍ മാത്രമാണ്.
അതിനിടയില്‍ ബുധനാഴ്‌ച ഗാസ ബീച്ചില്‍ തങ്ങളുടെ ആക്രമണത്തില്‍ നാല് പാലസ്‌തീന്‍ കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ഇസ്രായേല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ദുരന്തപര്യവസായി ആണെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. ഇസ്രായേല്‍ ആക്രമണം രൂക്ഷമായതോടെ നൂറു കണക്കിന് പാലസ്‌തീന്‍ കുടുംബങ്ങളാണ് പലായനം ചെയ്‌തു കൊണ്ടിരിക്കുന്നത്. ഗാസയില്‍ വെടി നിര്‍ത്തലിനായുള്ള ഈജിപ്‌തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇസ്രായേല്‍ ഹമാസ് നേതാക്കളുടെ വാസസ്‌ഥലങ്ങള്‍ ലക്ഷ്യമിട്ട് തുടര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
കനത്ത ആക്രമണം നടത്തുന്നതിന് മുമ്പായി അവിടം വിട്ടുകൊള്ളാന്‍ ആയിരക്കണക്കിന് പാലസ്‌തീന്‍കാര്‍ക്ക് ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെയുള്ള ആക്രമണത്തില്‍ 204 പാലസ്‌തീന്‍കാര്‍ക്ക് ജീവന്‍ നഷ്‌ടമായെന്നും 1,450 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്കുകള്‍.