ലൈംഗിക അടിമകള്‍ക്ക് ഐഎസ് ഗർഭനിരോധന മരുന്നുകൾ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

Webdunia
ഞായര്‍, 13 മാര്‍ച്ച് 2016 (12:29 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ്) ലൈംഗിക അടിമകളാക്കുന്ന പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് ഗർഭ നിരോധന മരുന്നുകൾ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. നിരന്തരമായുള്ള പീഡനത്തില്‍ ഗര്‍ഭം ധരിക്കാതിരിക്കാനാണ് തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കേണ്ടിവരുന്നതെന്ന് ഐഎസില്‍ രക്ഷപ്പെട്ട പതിനാറുകാരിയായ പെണ്‍കുട്ടി വ്യക്തമാക്കി.

യസീദി ഗോത്രത്തിലുള്ള പെണ്‍കുട്ടികളെയാണ് ഐഎസ് കൂടുതലായും ലൈംഗിക അടിമകളാക്കുന്നതെന്നും ദിവസവും പലതവണ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടാറുണ്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഗര്‍ഭിണി ആയാല്‍ ദീര്‍ഘനാളത്തേക്ക് പീഡിപ്പിക്കാന്‍ കഴിയില്ല എന്നതു കൊണ്ടാണ് ഗർഭനിരോധന മരുന്നുകൾ കഴിക്കേണ്ടിവരുന്നത്. നിലവിൽ പെൺകുട്ടി ചികിത്സയ്ക്കും കൗൺസിലിംഗിനുമായി ജർമ്മനിയിലാണുള്ളത്.

ഒരു കിടക്ക മാത്രമുള്ള മുറിയിലാണ് പെൺകുട്ടിയെ പാർപ്പിച്ചിരുന്നത്. എല്ലാ ദിവസവും ബലാത്സംഗം ചെയ്യപ്പെട്ടു. പുറംലോകവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഓരോ ബലാത്സംഗത്തിന് ശേഷവും ഗർഭനിരോധന മരുന്നുകൾ കഴിക്കേണ്ടി വന്നതായി പെൺകുട്ടി പറഞ്ഞു.

ഉപയോഗിച്ചു മടുക്കുബോള്‍ മറ്റൊരാള്‍ക്ക് വില്‍ക്കുകയാണെന്നും, ആ സമയം ഒരു പെട്ടി നിറയെ ഗർഭനിരോധന മരുന്നുകൾ കൈമാറുന്നുണ്ടെന്നും. ഇത്തരത്തില്‍ ഏഴു പേര്‍ക്ക് തന്നെ കൈമാറിയതായും ഒരു പെണ്‍കുട്ടി വ്യക്തമാക്കി.