സിറിയയില്‍ തടവിലായിരുന്ന യുഎസ് സന്നദ്ധ പ്രവര്‍ത്തക കെയ്‌ല മുള്ളര്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. യുഎസ് പൗരത്വമുള്ള ഒരാള്‍ കൂടി ഐഎസിന്‍റെ പിടിയിലുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജോര്‍ദ്ദാന്‍ വ്യോമസേനയുടെ ആക്രമണത്തിലാണ് കെയ്‌ല മുള്ളര്‍ കൊല്ലപ്പെട്ടതെന്ന് ഐ.എസ് ഭീകരര്‍ പറഞ്ഞിരുന്നു. എന്നാല്‍ കെയ്‌ലയെ കൊലപ്പെടുത്തിയതാണെന്നതില്‍ സംശയമില്ലെന്നാണ് യുഎസ് പ്രതികരിച്ചത്.
2013ലാണ് സിറിയയില്‍ അലപ്പോയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 26 കാരിയായ കെയ്‌ല മുള്ളറെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. 2014 ല്‍ വീട്ടിലേക്ക് എഴുതിയ കത്തില്‍ തീവ്രവാദികള്‍ തന്നോട് ബഹുമാനവും ദയയും കാണിക്കുന്നതായി കെയ്‌ല പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. കെയ്‌ലയെ തടവിലാക്കിയവര്‍ തന്നെയാണ് ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. പിന്നീട് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
എച്ച്.ഐ.വി പ്രതിരോധം അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി വടക്കേ ഇന്ത്യയിലും ഇസ്രായേല്‍ -ഫലസ്തീന്‍ മേഖലകളിലും കെയ്‌ല പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, സിറിയയില്‍ യു.എസ് പൗരനായ ഒരാള്‍ കൂടി ഐ.എസിന്‍െറ തടങ്കലിലുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പൗരന്മാരായ ജെയിംസ് ഫോലെ, സ്റ്റീവന്‍ സോട്ട്ലോഫ്, എന്നീ മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകന്‍ പീറ്റര്‍ കാസിങ്ങിനെയും ഐ.എസ് തീവ്രവാദികള്‍ നേരത്തെ വധിച്ചിരുന്നു.
എത്രതാമസിച്ചാലും കെയ്‌ലയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചു. ഐ.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ളെന്നും ഒബാമ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.