വിമാനം ‘അടിച്ചുമാറ്റി’ പറപ്പിച്ചു; പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ - അതിശയത്തോടെ പൊലീസ്

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (14:08 IST)
വിമാനം മോഷ്‌ടിച്ച് പറപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി. അമേരിക്കയിലെ വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്താണ് സംഭവമുണ്ടായത്.

പതിനാലും പതിനഞ്ചും വയസുള്ള വിരുതന്മാരാണ് വിമാനം ‘അടിച്ചുമാറ്റി’ പറപ്പിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് നീക്കമാരംഭിച്ചു.

ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ ചെറുവിമാനമാണ് വിദ്യര്‍ഥികള്‍ മോഷ്‌ടിച്ചത്. വിമാനം സുരക്ഷിതമായ സ്ഥലത്ത് ലാന്‍ഡ് ചെയ്‌തിരുന്നതിനാല്‍ അകത്തേക്ക് കടക്കാന്‍ മോഷ്‌ടിച്ച ഒരു ട്രാക്ടറാണ് ഇവര്‍ ഉപയോഗിച്ചത്. ട്രാക്ടറില്‍ അതിവേഗം സ്വകാര്യ സ്ഥലത്ത് പ്രവേശിക്കുകയും സിംഗിള്‍ എഞ്ചിന്‍ ലൈറ്റ് സ്‌പോര്‍ട്ട് വിമാനത്തില്‍ കയറി പറപ്പിക്കുകയുമായിരുന്നു.

ഒരു വിമാനം താഴ്‌ന്ന് പറക്കുന്നത് ശ്രദ്ധയില്‍ പെട്ടവരാണ് വിവരം അധികൃതരെ അറിയിച്ചത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തതിനു പിന്നാലെ വെര്‍ണാലില്‍ വച്ച് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ തങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും വീട്ടില്‍ നിന്നും മാറി താമസിക്കുകയാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. കുട്ടികള്‍ വിമാനം പറപ്പിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണം സംഘം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article