ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ താലിബാനെ ഉപയോഗിച്ചതായി വിക്കിലീക്സ് രേഖകള്‍

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (16:33 IST)
അഫ്ഗാനില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനായി താലിബാന്‍ തീവ്രവാദികളെ പാകിസ്ഥാന്‍ ഉപയോഗിച്ചതായി വിക്കിലീക്‌സ് രേഖകള്‍. 2007 -2009 വര്‍ഷങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സിഐഎയുടെ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്‍ അയച്ച മെയിലിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഈ രേഖകള്‍ വിക്കിലീക്സ് ചോര്‍ത്തി പുറത്തുവിടുകയായിരുന്നു.

അഫ്ഗാന്‍ ദൗത്യം ദീര്‍ഘിപ്പിച്ചുകൊണ്ടുപോകുന്നത് പാകിസ്ഥാന്റെ ഇത്തരം താല്‍പര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഇ- മെയിലില്‍ പറയുന്നു. യുഎസ് അഫ്ഗാനില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ ഇറാനും ഇന്ത്യയും അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലും പാകിസ്ഥാന് കഴിയുമെന്ന് ബ്രണ്ണന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസ് പ്രസിഡന്റിന്റെ തീവ്രവാദ വിരുദ്ധ നയ പരിപാടികളുടെ ഉപദേശകനായിരുന്നു ബ്രണ്ണന്‍. 2008 ല്‍ യുഎസ് പ്രസിഡന്റായി ബറാക്ക് ഒബാമ അധികാരമേറ്റതിന്റെ മൂന്നാം നാളാണ് ജോണ്‍ ബ്രണ്ണന്‍ ഇക്കാര്യം പ്രസിഡന്റിനെ അറിയിച്ചത്. അഫ്ഗാനിലെ ഗോത്ര മേഖലയില്‍ പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ അനുകൂല നിലപാടുകളും ബ്രണ്ണന്റെ റിപ്പോര്‍ട്ടിലുണ്ട്. അഫ്ഗാനില്‍ തീവ്രവാദവും അസ്ഥിരതയും ഉണ്ടാക്കുന്നത് പാകിസ്ഥാനാണെന്ന ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന രേഖകള്‍.