യൂറോപ്പില്‍ ഭീതി വിതച്ച് എബോള

വെള്ളി, 10 ഒക്‌ടോബര്‍ 2014 (10:26 IST)
യൂറോപ്പില്‍ ഭീതി വിതച്ച് എബോള പടരുന്നു. ബ്രിട്ടനും സ്‌പെയിനിനും പിന്നാലെ മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. 22 ദിവസം മുമ്പ് ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയ 56കാരനാണ് രോഗലക്ഷണങ്ങള്‍ കാട്ടിയത്. ഇയാളെ പ്രാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
മറ്റൊരു യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയില്‍ രോഗബാധിതനായ ഒരു ബ്രീട്ടീഷ് പൗരന്‍ മരിച്ചു. അതേസമയം ഓസ്‌ട്രേലിയയില്‍ രോഗം പിടിപെട്ടെന്ന് കരുതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നഴ്‌സിന് എബോളയില്ലെന്ന് സ്ഥിരീകരിച്ചു.
 
ബ്രിട്ടനില്‍ എത്തുന്ന വിദേശസഞ്ചാരികളെ എയര്‍പോര്‍ട്ടില്‍ തന്നെ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. അര്‍ജന്റീനയില്‍ മന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്ന് എബോള ചെറുക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. 
 
അമേരിക്കയില്‍ എബോള വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യരോഗി ഡാലസിലെ ആശുപത്രിയില്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. ലൈബീരിയ പൗരന്‍ തോമസ് എറിക് ഡങ്കന്‍ (42) ആണ് മരിച്ചത്. 
 
എബോള ബാധയെത്തുടര്‍ന്ന് ലോകത്ത് ഇതുവരെ 3,431 പേര്‍ മരിച്ചുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ലിബിയ, സിയേറ ലിയോണ്‍, ഗിനിയ തുടങ്ങിയ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത്. 7,470 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക