ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത്, യെമന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത് വലിയ വാർത്തയായിരുന്നു. മറ്റു രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധങ്ങൾ ഉപേക്ഷിച്ച സംഭവത്തിന് കാരണക്കാരന്‍ താനാണെന്ന് അവകാശ വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനിടെ ഖത്തര്‍ തീവ്രവാദ പ്രത്യയശാസ്ത്രത്തിന് ഫണ്ട് നല്‍കുന്നു എന്ന് താന്‍ ചൂണ്ടിക്കാട്ടിയതിന്റെ ഫലമാണ് നിലവിലെ സംഭവങ്ങൾ എന്നും തന്റെ സന്ദർശനം ഫലം കണ്ടു തുടങ്ങിയെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഭീകരവാദത്തിന്റെ അന്ത്യത്തിന് ഇതു തുടക്കം കുറിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് പദവിയിലേറിയശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമായിരുന്നു സൗദിയിലേത്.
ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ നീക്കത്തിൽ ആദ്യമായാണ് ട്രംപ് വിശദീകരണം നൽകുന്നത്. ഖത്തര്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നുവെങ്കിലും റിയാൽ ഇടപാടുകളിലെ പുതിയ പ്രതിസന്ധി പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥയുണ്ടാവുന്നതായും റിപ്പോര്‍ട്ടുണ്ട്. ഖത്തറിനെതിരെ നാല് രാജ്യങ്ങള്‍ സ്വീകരിച്ച നടപടിയിൽ വിശ്വസിക്കാനാകാതെ നിൽക്കുകയാണ് ഖത്തരിലുള്ളവർ. പ്രത്യേകിച്ച് പ്രവാസികൾ.
അയല്‍ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട നിലയില്‍ ഒറ്റ ദിവസം കൊണ്ട് മാറിപ്പോയ ഖത്തറിലെ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്. ഖത്തറിലുള്ള പ്രവാസികള്‍ക്ക് നാട്ടില്‍ പോകാനും മറ്റും പുതിയ നിയന്ത്രണങ്ങളും നിരോധനങ്ങളും വിഷയമല്ല. എന്നാല്‍ പുതിയ നിയന്ത്രണങ്ങളെല്ലാം ഖത്തറിന്റെ വാണിജ്യ വ്യാവസായിക മേഖലകളെ തളര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല.