ബോക്കോഹറാം ആക്രമണം; 30 മരണം, 20 ഓളം പേര്‍ക്ക് പരുക്ക്

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2015 (08:58 IST)
നൈജീരിയയില്‍ വീണ്ടും ബോക്കോഹറാം ആക്രമണം. വടക്കുകിഴക്കന്‍ നൈജീരിയയിലെ മൂന്നു ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 20 തോളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ട്.

ആയുധങ്ങളുമായെത്തിയ ഭീകരര്‍ വാര്‍വാര, മംഗാരി, ബുരഷിക എന്നി ഗ്രാമങ്ങളില്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പുരുഷന്‍‌മാരെയും സ്‌ത്രീകളെയും വെടിവെച്ച് വീഴ്‌ത്തിയ ഭീകരര്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്‌തു. ആക്രമണം ഭയന്ന് നിരവധി പേര്‍ ഗ്രാമങ്ങള്‍ വിട്ട് പോകുകയും ചെയ്‌തു.

ബോക്കോഹറാമിന് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ പരിമിതമായതിനാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് ആക്രമണ വിവരം പുറംലോകം അറിഞ്ഞത്. നൈജീരിയയിലെ വിവിധ ഭാഗങ്ങളില്‍ ബോക്കോഹറാം ആക്രമണം തുടരുകയാണ്. കഴിഞ്ഞയാഴ്‌ച നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.