സൈന്യത്തിന്റെ വ്യോമാക്രമണം; സിറിയയില്‍ 60പേര്‍ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (08:47 IST)
സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടെ 60 പേര്‍ കൊല്ലപ്പെട്ടു. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിമത നിയന്ത്രണത്തിലുള്ള സിറിയയില്‍ ഇഡ് ലിബ് പ്രവിശ്യക്ക് പടിഞ്ഞാറന്‍ ഭാഗമായ അല്‍ ജനൂദിയിലെ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇഡ് ലിബ് പ്രവിശ്യ വിമതര്‍ പിടിച്ചെടുത്തത്. മറ്റ് പ്രദേശങ്ങളില്‍നിന്ന് രക്ഷപ്പെട്ടു വരുന്നവര്‍ താമസിക്കുന്ന ഇടമാണിത്. വ്യോമാക്രമണത്തില്‍ മാര്‍ക്കറ്റിന്റെ ഭൂരിഭാഗവും നശിച്ചു. കെട്ടിടങ്ങളും വാഹനങ്ങളും ആക്രമണത്തില്‍ തരിപ്പണമായി. മൃതദേഹങ്ങള്‍ മാര്‍ക്കറ്റിന്റെ പല ഭാഗത്തും ചിതറിക്കിടക്കുന്ന അവസ്ഥയായിരുന്നു. ചോരയില്‍ കുളിച്ചവരെ ആളുകള്‍ എടുത്തോടുന്നതിന്റെയും ദൃശ്യങ്ങളുള്ള വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 
 
അതേസമയം സിറിയന്‍ സര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഇഡ് ലിബിന് കിഴക്കുള്ള താഫ്തനാസ് എന്ന പട്ടണത്തിലും കഴിഞ്ഞ ദിവസം സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇവിടേയും നിരവധി പേര്‍ മരിച്ചതായാണ് പ്രാദേശിക ഭരണകൂടം സ്ഥിരീകരിക്കുന്നത്.