സ്ഫോടകവസ്തു എന്ന് സംശയിച്ച പൊതിയില്‍ ചോരക്കുഞ്ഞ്

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2012 (16:31 IST)
PRO
PRO
അഫ്ഗാന്‍ ദൌത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോളിഷ് സൈനികര്‍ പട്രോളിംഗിന് ഇറങ്ങിയപ്പോള്‍ റോഡിന് സമീപം ഒരു പൊതി കണ്ടു. പൊതിയില്‍ സ്ഫോടകവസ്തുക്കള്‍ ആണെന്നായിരുന്നു ഇവരുടെ നിഗമനം. തുടര്‍ന്ന് ജാഗ്രതയോടെ ഇവര്‍ പൊതിയുടെ സമീപമെത്തിയപ്പോഴാണ് അതിനകത്ത് ഒരു ചോരക്കുഞ്ഞ് ആണെന്ന് തിരിച്ചറിഞ്ഞത്.

തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന് ജീവനുണ്ടായിരുന്നു. സൈനികര്‍ ഉടന്‍ തന്നെ കുഞ്ഞിനെ വഖേസ് മിലിറ്ററി ക്യാമ്പിലെ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. കുഞ്ഞ് ജനിച്ച് രണ്ട് ദിവസമായെന്ന് പരിശോധനയില്‍ വ്യക്തമായി. തങ്ങളുടെ മാതൃരാജ്യത്തോട് സാമ്യമുള്ള ‘പോള‘ എന്ന പേരാണ് സൈനികര്‍ കുഞ്ഞിനിട്ടത്.

കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല. അവളെ കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു മൈല്‍ ചുറ്റളവില്‍ എവിടെയും ജനവാസമില്ല. അഫ്ഗാന്‍ അധികൃതര്‍ക്ക് കുഞ്ഞിനെ കൈമാറാന്‍ സൈനികര്‍ തീരുമാനിച്ചിരിക്കുകയാണ്.

രാജ്യത്തിന്റെ പലഭാഗങ്ങളിലായി പാതയോരങ്ങളില്‍ സ്ഫോടനവസ്തുക്കള്‍ കണ്ടെത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.