സ്കൂളില്‍ മരിച്ച കുട്ടിയെ അധ്യാപിക കുഴിച്ചുമൂടി!

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2011 (18:36 IST)
PRO
സ്കൂളില്‍ മരിച്ച വിദ്യാര്‍ത്ഥിയെ ആരുമറിയാതെ അധ്യാപിക കുഴിച്ചുമൂടി. ബീജിംഗ് യുനന്‍ പ്രവിശ്യയിലെ ഒരു കിന്‍റര്‍ ഗാര്‍ട്ടനിലാണ് സംഭവം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ ഭക്‍ഷ്യവിഷബാധയെ തുടര്‍ന്നാണ് രണ്ടുവയസുകാരനായ ലിയു സിംഗ് യുന്‍ മരിച്ചത്.

കിന്‍റര്‍ ഗാര്‍ട്ടന്‍ അധ്യാപികയായ ടാന്‍ ചെങ് യാനും സഹപ്രവര്‍ത്തകയുമാണ് പൊലീസ് പിടിയിലായത്. ലിയുവിന് ഉച്ചഭക്ഷണം നല്‍കിയ ശേഷം ഉറങ്ങാന്‍ കിടത്തിയെങ്കിലും ശ്വാസം മുട്ടലുണ്ടാകുകയും വായില്‍ നിന്ന് നുരയും പതയും വന്ന് മരിക്കുകയുമായിരുന്നു. താന്‍ നല്‍കിയ ഭക്ഷണത്തിന്‍റെ കുഴപ്പമാണെന്ന് മനസിലാക്കിയ ടാന്‍ ചെങ് യാന്‍ കുട്ടിയെ കുഴിച്ചിടുകയായിരുന്നു.

സ്കൂള്‍ സമയം കഴിഞ്ഞിട്ടും ലിയു തിരിച്ചെത്താത്തതിനാല്‍ മാതാപിതാക്കള്‍ സ്കൂളില്‍ അന്വേഷിച്ചെത്തി. എന്നാല്‍ തന്നോടൊപ്പം ഷോപ്പിംഗിനു വന്ന ലിയുവിനെ കാണാനില്ല എന്നാണ് ടാന്‍ ചെങ് യാന്‍ അവരെ അറിയിച്ചത്. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഷോപ്പിംഗിനായി പോയെന്ന് ടാന്‍ ചെങ് യാന്‍ അറിയിച്ച വഴികളിലൊന്നും കുട്ടിയെ കണ്ടെത്താനായില്ല.

പിറ്റേദിവസം, ടാന്‍ ചെങ് യാനിന്‍റെ സ്കൂട്ടറില്‍ രക്തക്കറ കണ്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നടുക്കുന്ന സത്യം പുറത്തുവന്നത്.