സൌരയൂഥത്തിന് പുറത്ത് ചന്ദ്രന്റെ വലിപ്പം മാത്രമുള്ള ഗ്രഹം!

Webdunia
വ്യാഴം, 21 ഫെബ്രുവരി 2013 (16:36 IST)
PRO
PRO
സൌരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനേക്കാള്‍ ചെറിയ ഗ്രഹം കണ്ടെത്തില്‍. സൌരയൂഥത്തിന് പുറത്താണ് ഈ ഗ്രഹം എന്ന് മാത്രം.

സൌരയൂഥത്തിനപ്പുറം സൂര്യനെപ്പോലൊരു നക്ഷത്രത്തെ ഈ ചെറിയ ഗ്രഹം വലംവയ്ക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. നാസയുടെ കെപ്ലര്‍ ദൌത്യത്തിന്റെ ഭാഗമായി നടത്തിയ പഠനങ്ങള്‍ക്കിടെയാണ് Kepler-37b എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം കണ്ടെത്തിയത്. മറ്റ് രണ്ട് ഗ്രഹങ്ങള്‍ കൂടി ഇതോടൊപ്പം കാണാനായി. അതില്‍ ഒരെണ്ണം ഭൂമിയുടെ മുക്കാല്‍ പങ്ക് വലിപ്പമുള്ളതാണ്. രണ്ടാമത്തേത് ഭൂമിയുടെ ഇരട്ടി വലിപ്പമുള്ളതും. സൌരയൂഥത്തിന് പുറത്തായതിനാല്‍ ഇവയെ അന്യഗ്രഹങ്ങളുടെ പട്ടികയില്‍ പെടുത്താം.

നമ്മുടെ ചന്ദ്രനെക്കാള്‍ ഇത്തിരി വലിപ്പക്കൂടുതലുള്ള കുഞ്ഞന്‍ ഗ്രഹം സൌരയൂഥത്തില്‍ നിന്ന് 210 പ്രകാശവര്‍ഷം അകലെയാണ്. ഇതുവരെ 834 അന്യഗ്രഹങ്ങളെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.