വടക്കന്‍ അയര്‍ലന്‍ഡില്‍ ആരംഭിച്ച ജിഎട്ട് ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്‍്റ് വ്ളാദിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. സിറിയയിലെ സംഘര്‍ഷം പ്രധാന അജണ്ടയായ ചര്‍ച്ചയില്‍ ഇരു നേതാക്കളും വ്യത്യസ്ത നിലപാടില്‍ ഉറച്ചു നിന്നു. എന്നാല്‍ സിറിയന്‍ വിഷയം ചര്‍ച്ചചെയ്യുന്നതിന് ജനീവയില്‍ പ്രത്യേക ഉച്ചകോടി നടത്താന്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇരുനേതാക്കളും തമ്മില്‍ ധാരണയായി.
സിറിയയിലെ രാഷ്ട്രീയ നേതൃത്വത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും സിറിയയിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനും പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പുടിന്‍ പറഞ്ഞു. ജനീവയില്‍ നടക്കുന്ന സമാധാന സമ്മേളനത്തിലും സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, സര്‍ക്കാര്‍ വിരുദ്ധ സമരം നടത്തുന്ന വിമതര്‍ക്ക് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും നല്‍കുന്ന പിന്തുണയില്‍ റഷ്യ പരസ്യമായിത്തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.