സിറിയന്‍ ആഭ്യന്തരകലാപം: വിദ്യാഭ്യാസം നഷ്ടപ്പെട്ടത് 20 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2013 (14:54 IST)
PTI
സിറിയയില്‍ 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടതായി യൂണിസെഫ്. യുദ്ധത്തില്‍ സ്‌കൂളുകള്‍ തകര്‍ന്നതും പല സ്കൂളുകളും പുനരധിവാസ കേന്ദ്രങ്ങളായതുമാണ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങാനുള്ള പ്രധാന കാരണം.

എന്നാല്‍ വിദ്യാഭ്യാസം തുടരുന്നതിനായി പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് യുണിസെഫ് വ്യക്തമാക്കി. വീടുകള്‍ കേന്ദ്രീകരിച്ചുള്ള സ്യയംപഠന പദ്ധതിയാണ് സിറിയിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി യുഎന്‍ നടപ്പിലാക്കാന്‍ പോവുന്നത്.

പട്ടാളവും വിമതരും തമ്മില്ലുള്ള ഏറ്റമുട്ടലില്‍ ഇതുവരെ 3000ത്തോളം സ്കൂളുകള്‍ തകര്‍ന്നു. 930 സ്‌കൂളുകള്‍ പുനരധിവാസ കേന്ദ്രങ്ങളായി മാറി. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മാത്രം സിറിയയില്‍ 39 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പ് നിര്‍ത്തേണ്ടതായി വന്നതായും യൂണിസെഫ് വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി 10 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബാഗുകളും സ്‌റ്റേഷനറി സാമഗ്രികളും യുണിസെഫ് എത്തിച്ചിട്ടുണ്ട്. 80 ലക്ഷം ടെക്സ്റ്റ് ബുക്കുകള്‍ അടിയന്തിരമായ അച്ചടിച്ചു നല്‍കുമെന്നും യുണിസെഫ് അറിയിച്ചു