ഫ്രാങ്കോ ഹൊളാണ്ട് പുതിയ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ പരാജയപ്പെടുത്തിയാണ് സോഷ്യലിസ്‌റ്റ് സ്‌ഥാനാര്‍ഥിയായ ഹൊളാണ്ട് വിജയിച്ചത്.
51 മുതല്‍ 53 ശതമാനം വരെ വോട്ടുകളാണ് ഹൊളാണ്ടിന് ലഭിച്ചത്. പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സോഷ്യലിസ്‌റ്റ് ഫ്രാന്‍സിന്റെ പ്രസിഡന്റ് പദത്തിലെത്തുന്നത്. മെയ് 16-നാണ് ഹൊളാണ്ട് ചുമതലയേല്‍ക്കുന്നത്. ജി-എട്ട് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം മെയ് 18-ന് യു എസിലേക്ക് തിരിക്കും. അവിടെ അദ്ദേഹം യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫ്രാങ്കോ ഹോളണ്ടെയെ ഒബാമ അഭിനന്ദിച്ചു. സാമ്പത്തിക, സുരക്ഷാകാര്യങ്ങളില്‍ ഫ്രാന്‍സുമായി കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഒബാമ അദ്ദേഹത്തെ ഫോണില്‍ വിളിച്ചറിയിച്ചു.
സാമ്പത്തിക സ്ഥിതി മോശമായതും തൊഴിലില്ലായ്മ കൂടിവരുന്നതുമാണ് സര്‍ക്കോസിക്ക് തിരിച്ചടിയായത്. കാര്‍ല ബ്രൂണിയെ വിവാഹം ചെയ്തതും തുടര്‍ന്ന് ഉയര്‍ന്ന വിവാദവും സര്‍ക്കോസിയുടെ പരാജയത്തിന് കാരണമായി. സര്‍ക്കോസി പരാജയം സമ്മതിച്ചു. ജനവികാരം അംഗീകരിക്കുന്നു എന്നും പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് യൂറോപ്പില്‍ സ്ഥാനം നഷ്ടപ്പെടുന്ന പതിനാറാമത്തെ രാഷ്ട്രത്തലവനാണ് സര്‍ക്കോസി.