വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക വര്‍ധിക്കുന്നു. അദ്ദേഹം മരിച്ചു എന്നുപോലും സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
10 ദിവസമായി ഷാവേസ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയോ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ല. കാന്‍സര്‍ രോഗബാധിതനായ അദ്ദേഹം ക്യൂബയില്‍ റേഡിയേഷന്‍ തെറപ്പിക്ക് വിധേയനാകുന്നു എന്നാണ് അറിയിച്ചിരുന്നത്. ഇത്രയും ദിവസം ഷാവേസ് നിശബ്ദത പാലിച്ചതാണ് ആശങ്കകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും ജീവനു തന്നെ ഭീഷണിയുണ്ടെന്നുമാണ് സൂചനകള്‍.
ഷാവേസിന്റേതെന്ന് പറയപ്പെടുന്ന ട്വിറ്റര്‍ സന്ദേശങ്ങളും എഴുതിത്തയ്യാറാക്കിയ പ്രസ്താവനകളും മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏപ്രില്‍ 14-നാണ് അദ്ദേഹം ചികില്‍സയ്ക്കായി ക്യൂബയിലേക്കു പോയത്. ആരോഗ്യസ്ഥിതി ഈ നിലയില്‍ തുടര്‍ന്നാണ് ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കില്ലെന്നാണ് സൂചന.
അതേസമയം ഷാവേസ് ഉടന്‍ തിരിച്ചുവരുമെന്ന് പാര്‍ലമെന്റ് അധ്യക്ഷന്‍ വ്യക്തമാക്കി.