വിജയിച്ചാല്‍ സ്യൂചിയെ അംഗീകരിക്കുമെന്ന് ഭരണകൂടം

Webdunia
ഞായര്‍, 30 സെപ്‌റ്റംബര്‍ 2012 (16:05 IST)
PRO
PRO
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്‌ത് അധികാരത്തിലേറ്റിയാല്‍ സ്യൂചിയെ പ്രസിഡന്റായി അംഗീകരിക്കാമെന്ന്‌ മ്യാന്‍മര്‍ ഭരണകൂടം വ്യക്‌തമാക്കി. ബിബിസിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ മ്യാന്‍മര്‍ പ്രസിഡന്റ്‌ തെയ്ന്‍ സെയ്ന്‍ ആണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ജനങ്ങള്‍ അംഗീകരിച്ചാല്‍ സ്യൂചിയെ അംഗീകരിക്കുന്നതില്‍ തനിക്ക്‌ എതിര്‍പ്പില്ലെന്നും രാജ്യത്തിന്റെ നേതൃസ്‌ഥാനത്തേയ്‌ക്ക് സ്യൂചിയ്‌ക്ക് കടന്നുവരാമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് മ്യാന്‍മറിലെ പട്ടാളഭരണകൂടം ഇക്കാര്യത്തില്‍ ഇത്രയും അനുകൂല നിലപാട്‌ വ്യക്തമാക്കുന്നത്.

വ്യക്‌തിപരമായി തനിക്കും സ്യൂചിക്കും ഇടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. രാജ്യത്തെ പുനസംഘടനാ നടപടികളില്‍ ഞങ്ങള്‍ ഒരുമിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും തെയ്‌ന്‍ സെയ്‌ന്‍ പറഞ്ഞു. എന്നാല്‍ സൈന്യം രാജ്യത്തെ രാഷ്‌ട്രീയത്തില്‍ തുടര്‍ന്നും നിര്‍ണ്ണായക പങ്കുവഹിക്കുമെന്നും തെയ്‌ന്‍ സെയ്‌ന്‍ വ്യക്‌തമാക്കി.