വാതക വിതരണം റഷ്യ പുനരാരംഭിച്ചു

Webdunia
ചൊവ്വ, 13 ജനുവരി 2009 (18:41 IST)
ഉക്രൈന്‍ വഴി യൂറോപ്പിലേക്കുള്ള വാതക വിതരണം റഷ്യ പുനരാരംഭിച്ചു. ആറു ദിവസമായി നിര്‍ത്തിവച്ചിരിക്കുകയാ‍യിരുന്ന വാ‍തക വിതരണം ഇന്ന് രാവിലെയോടെയാണ് പുനരാരംഭിച്ചത്.

യൂറോപ്പിലേക്കുള്ള വാതകം ഉക്രൈന്‍ മോഷ്ടിക്കുന്നെന്നാരോപിച്ചാണ് റഷ്യ വിതരണം നിര്‍ത്തിയത്. ഉക്രൈന്‍ ഭൂപ്രദേശത്ത് നിരീക്ഷണ സംഘത്തെ നിയോഗിച്ചാല്‍ മാത്രമേ വിതരണം പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂ എന്നും റഷ്യ വ്യക്തമാക്കിയിരുന്നു. അതേസമയം വാതക വിതരണത്തിനാവശ്യമായ കം‌പ്രസ്സറുകള്‍ ശക്തിപ്പെടുത്താന്‍ കുറഞ്ഞ അളവ് വാതകം ആവശ്യമാണെന്ന് ഉക്രൈന്‍ അറിയിച്ചു. എന്നാല്‍ ഈ ആവശ്യത്തിനുള്ള വാതകം ഉക്രൈന്‍ തന്നെ നല്‍കണമെന്നാണ് റഷ്യയുടെ ആവശ്യം.

ഉക്രൈന്‍ വാതകം ദുരുപയോഗം ചെയ്യുന്നത് കാണുകയാണെങ്കില്‍ വിതരണത്തില്‍ കുറവ് വരുത്താന്‍ റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മാദ്‌വദേവ് വാതക വിതരണ കമ്പനിയായ ഗാസ്‌പ്രോമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാതക വിതരണത്തിലുണ്ടായ സ്തംഭനം ബോസ്നിയ, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, സെര്‍ബിയ, സ്ലോവോക്യ തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.