ലാഹോറില്‍ പൊലീസ് പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം തെഹ്‌റിക്-ഇ-താലിബാന്‍ എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തു. സംഘടനയുടെ തലവന്‍ ബെയ്ത്തുള്ള മെഹ്സൂദാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം സംഘടനയ്ക്കാണെന്ന് സ്ഥിരീകരിച്ചത്.
അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് സേന പിന്‍വാങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍റെ വംശീയ മേഖലയില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.
ഫിദയീന്‍-ഇ-ഇസ്ലാമി തലവനും ബെയ്ത്തുള്ളയുടെ അടുത്ത സഹായിയുമായ ഫാറൂഖ് ഒമര്‍ ആണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം സംബന്ധിച്ചുള്ള മെഹ്സൂദിന്‍റെ പ്രസ്താവന വെളിപ്പെടുത്തിയത്.
താലിബാന്‍ നേതാവ് ബെയ്തുള്ള മെഹ്സൂദാണ് ആക്രമണത്തിന് പിന്നിലെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് ഇന്നലെ ആരോപിച്ചിരുന്നു. ആക്രമണം ആസൂത്രണം ചെയ്തത് തെക്കന്‍ വസീറിസ്ഥാനിലാണെന്ന് ആക്രമണത്തിനിടെ പിടിയിലായ തീവ്രവാദികളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതായി ഇന്ന് മാലിക് അറിയിച്ചു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്സ്ഥാനില്‍ താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രധാന തീവ്രവാദ ഗ്രൂപ്പുകളിലൊന്നാണ് ഫിദയീന്‍-ഇ-ഇസ്ലാമി. ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെ താലിബാന്‍ സഹായത്തോടെ ആക്രമണം നടത്തിയത് ഈ സംഘടനയായിരുന്നു. കൂടുതല്‍ ആക്രമണം നടത്തുമെന്ന് അന്ന് ഫിദയീന്‍-ഇ-ഇസ്ലാമി പാക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.