2014 മാര്‍ച്ച് 29 മുതല്‍ ഇംഗ്ലണ്ടില്‍ പുരുഷന്മാര്‍ക്ക് പുരുഷന്മാരെയും സ്ത്രീകള്‍ക്ക് സ്ത്രീകളെയും നിയമപരമായി വിവാഹം കഴിക്കാം.
വിവാഹം പൊതുചടങ്ങില്‍ നടത്താനും മതസ്ഥാപനങ്ങള്‍ക്ക് ഇത്തരം വിവാഹം നടത്തിക്കൊടുക്കാനും മാര്‍ച്ച് 29 മുതല്‍ അധികാരമുണ്ടാകും. സ്വവര്‍ഗവിവാഹനിയമത്തിന് ജൂലൈയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെ നിയമപരമായ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയശേഷമാണ് ഇത്തരം വിവാഹം നടത്താനുള്ള തീയതി പ്രഖ്യാപിച്ചത്.
ഇത് വിവാഹത്തിന്റെ പുത്തന്‍ പരിണാമഘട്ടമാണെന്നും ലിംഗവ്യത്യാസമില്ലാതെ ആര്‍ക്കും ഇനിമുതല്‍ വിവാഹിതരാകാമെന്നും ബ്രിട്ടനിലെ സ്ത്രീ-സമത്വ മന്ത്രി മരിയ മില്ലര്‍ പ്രഖ്യാപിച്ചു. നിലവില്‍ ഒന്നിച്ചു കഴിയുന്നവര്‍ക്ക് വിവാഹം രേഖപ്പെടുത്താനും വിവാഹിതരായവര്‍ക്ക് ലിംഗമാറ്റം നിയമപരമായി രേഖപ്പെടുത്താനും അവസരം നല്‍കും.
ഇന്ത്യയില്‍ സ്വവര്‍ഗലൈംഗികത ക്രിമിനല്‍ക്കുറ്റമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ട ദിനത്തിലാണ് ബ്രിട്ടന്‍ രാജ്യത്തെ ആദ്യസ്വവര്‍ഗവിവാഹ തീയതി പ്രഖ്യാപിച്ചത് ഏറെ കൌതുകമുണര്‍ത്തുന്നതാണ്.