രാഷ്ട്രീയ അഭയത്തിനായി ആദ്യം സമീപിച്ചത് ഇന്ത്യയെ: ജൂലിയന്‍ അസാഞ്ച്

Webdunia
വ്യാഴം, 13 ജൂണ്‍ 2013 (09:46 IST)
PRO
PRO
രാഷ്ട്രീയ അഭയംതേടി താന്‍ ആദ്യം സമീപിച്ചത് ഇന്ത്യയെ ആയിരുന്നു എന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാഞ്ച് ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാഷ്ട്രീയ അഭയംതേടി താന്‍ ആദ്യം സമീപിച്ച രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യം തന്റെ അപേക്ഷ പരിഗണിക്കാത്തതില്‍ നിരാശയും ദുഃഖവും തോന്നി എന്നും അസാഞ്ച് പറഞ്ഞു. വിക്കിലീക്സിനെ പിന്തുണയ്ക്കുന്നവരാണ് ഇന്ത്യക്കാരെന്നറിയാം. അങ്ങനെയാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വഴി താന്‍ ബന്ധപ്പെട്ടത്. എന്നാല്‍ തന്റെ അപേക്ഷയില്‍ യാതൊരു പ്രതികരണവും ഉണ്ടായില്ല.

ഇക്വഡോര്‍ പോലൊരു ചെറിയ രാജ്യം തനിക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ മുന്നോട്ട് വന്നപ്പോള്‍ ഇന്ത്യയേപ്പോലൊരു രാജ്യം ഇങ്ങനെ ഭയപ്പെടരുതായിരുന്നു എന്നും അസാഞ്ച് പറഞ്ഞു. 2012 ജൂണ്‍ 19 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയാണ് അസാഞ്ച്.

വ്യക്തികളുടെ സംഭാഷണങ്ങളും വിവരങ്ങള്‍ കൈമാറുന്നതും ചോര്‍ത്തുന്ന അമേരിക്കയുടെ രഹസ്യപദ്ധതി പുറം‌ലോകത്തെ അറിയിച്ച എഡ്വേഡ് സ്നോഡന് ഇന്ത്യ രാഷ്ട്രീയഅഭയം നല്‍കണം എന്ന് അദ്ദേഹം പറയുന്നു. കാരണം ഈ പദ്ധതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെ ആണെന്നും അഞ്ചാസ് അഭിപ്രായപ്പെട്ടു.