യു എന്‍ പ്രവര്‍ത്തകന്‍റെ മരണം; യുഎന്‍ അപലപിച്ചു

വെള്ളി, 17 ജൂലൈ 2009 (11:44 IST)
പാകിസ്ഥാനില്‍ യുഎന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമം അംഗീകരിക്കാനാവില്ലെന്ന് മൂണ്‍ പറഞ്ഞു.

പാകിസ്ഥാനിലെ പെഷവാറിലുള്ള ഒരു അഭയാര്‍ത്ഥി ക്യാം‌പില്‍ പ്രവര്‍ത്തിക്കുന്ന സില്‍ - ഇ - ഉസ്മാന്‍ എന്ന ഉദ്യോഗസ്ഥനാണ് ഇന്നലെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന്‍റെ സുരക്ഷാഭടനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ആക്രമണത്തില്‍ പരുക്കേറ്റു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് യുഎന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

യുഎന്‍ പ്രതിനിധിയുടെ കൊലപാതകത്തെ മൂണ്‍ ശക്തമായി അപലപിച്ചതായി അദ്ദേഹത്തിന്‍റെ വക്താവ് മറീ ഒകാബെയാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. പാകിസ്ഥാനില്‍ യു എന്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മൂണ്‍ പറഞ്ഞതായി അവര്‍ അറിയിച്ചു. മേഖലയില്‍ നിന്ന് പലായനം ചെയ്തവര്‍ തിരിച്ചെത്തുന്നതിനിടെയാണ് ആക്രമണം. ഇന്നലെ സ്വാതില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക