മുസ്ലീം ലോകവുമായി നല്ല ബന്ധം സ്ഥാപിക്കും: ഒബാമ

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2009 (11:40 IST)
PRO
PRO
അമേരിക്കയും മുസ്ലീം ലോകവുമായി നല്ല ബന്ധം സൃഷ്ടിച്ചെടുക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു. വൈറ്റ് ഹൌസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പര താല്‍‌പര്യങ്ങളിലും ബഹുമാനത്തിലും അധിഷ്ഠിതമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് യുഎസും മുസ്ലീം രാഷ്ട്രങ്ങളും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. ഇതാണ് അമേരിക്കയിലും പുറത്തും യുഎസ് പ്രസിഡന്‍റ് എന്ന നിലയിലുള്ള തന്‍റെ മൌലികമായ കടമകളിലൊന്നെന്നും ഒബാമ പറഞ്ഞു. വൈറ്റ് ഹൌസില്‍ താന്‍ പങ്കെടുക്കുന്ന ആദ്യ ഇഫ്താര്‍ വിരുന്നാണിതെന്നും യുഎസ് പ്രസിഡന്‍റ് അറിയിച്ചു.

യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി മീര ശങ്കര്‍ അടക്കമുള്ള നയതന്ത്ര പ്രതിനിധികളും മന്ത്രിസഭാ അംഗങ്ങളും രാജ്യത്തെ പ്രമുഖ മുസ്ലീം നേതാക്കളും വിരുന്നില്‍ പങ്കെടുത്തു. നീതിക്കും പുരോഗതിക്കും വേണ്ടിയുള്ള ഇസ്ലാമിന്‍റെ കാഴ്ചപ്പാ‍ടുകളെ ഒബാമ അഭിനന്ദിച്ചു. അമേരിക്കയിലെ മുസ്ലീംങ്ങള്‍ രാജ്യ പുരോഗതിക്ക് നല്‍കിയ സേവനങ്ങളെ ആദരിക്കുന്നതായും ഒബാമ പറഞ്ഞു.