'മലേഷ്യന്‍ വിമാനം കണ്ടെത്തുക തന്നെ ചെയ്യും’

Webdunia
ചൊവ്വ, 29 ഏപ്രില്‍ 2014 (15:13 IST)
കാണാതായ മലേഷ്യന്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ തങ്ങള്‍ക്ക് കണ്ടത്തൊനാവുമെന്ന് ആസ്ത്രേലിയന്‍ പര്യവേക്ഷണ സംഘം. അദിലെയ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോറിസണന്‍സ് ആണ് തെരച്ചില്‍ നടത്തുന്നത്. മാര്‍ച്ച് എട്ടിനാണ് മലേഷ്യന്‍ വിമാനമായ എംഎച്ച് 370 കാണാതായത്. അഞ്ചു ഇന്ത്യക്കാര്‍ അടക്കം 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നിന്ന് 5000 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വിമാനം തകര്‍ന്നുവീണിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ നിഗമനം. വിമാനം അവസാനമായി കണ്ട ഭാഗത്ത് കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ തിരച്ചില്‍. തകര്‍ന്നുവീണെന്ന് സംശയിക്കുന്ന സമുദ്രമേഖലയിലെ രണ്ടു കോടി സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയില്‍ ജിയോറിസണന്‍സ് ടീം തെരച്ചില്‍ നടത്തിക്കഴിഞ്ഞു.
 
വിമാനങ്ങളില്‍ നിന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചും അധ്യന്താധുനിക തെരച്ചില്‍  ആണ് ഇവര്‍ നടത്തിയത്. യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും വിമാന ഭാഗങ്ങളില്‍നിന്നുള്ള ഡാറ്റകള്‍ പരിശോധിക്കുന്നതിന് 20- ലേറെ സാങ്കേതിക വിദ്യയും തങ്ങള്‍ ഉപയോഗിച്ചുവെന്ന് കമ്പനിയുടെ വക്താവ് ഡേവിഡ് പോപ് പറഞ്ഞു.
 
എന്നാല്‍, സ്റ്റാര്‍ പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ടിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് മലേഷ്യന്‍ വ്യോമയാന വിഭാഗം ഡയറക്ടര്‍ അസറുദ്ദീര്‍ അബ്ദുറഹ്മാന്‍ അറിയിച്ചു. തങ്ങള്‍ ഇക്കാര്യം പരിശോധിച്ച് സ്ഥിരീകരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.